മൊത്ത വില സൂചിക കുതിച്ചു, പണപ്പെരുപ്പം നാല് മാസത്തെ ഉയര്‍ന്ന നിലയില്‍

മാര്‍ച്ച് മാസത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പവും 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി

Update: 2022-04-19 06:54 GMT

രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (Inflation) കുത്തനെ ഉയര്‍ന്നു. മാര്‍ച്ച് മാസത്തില്‍ മൊത്ത വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 14.55 ശതമാനമായാണ് ഉയര്‍ന്നു. നാല് മാസത്തിനിടയിലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിതരണ ശൃംഖലയിലെ തടസങ്ങള്‍ കാരണം ക്രൂഡ് ഓയ്‌ലിന്റെയും (Crudeoil) മറ്റ് ചരക്കുകളുടെയും വിലകള്‍ ഉയര്‍ന്നതാണ് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാന്‍ കാരണം. ഫെബ്രുവരിയില്‍ 13.11 ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം.

ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചതോടെ മാര്‍ച്ച് മാസത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പവും (Retail Inflation) 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.95 ശതമാനത്തിലെത്തി. ഇന്ധനവില വര്‍ധിച്ചതിനാല്‍ തുടര്‍ന്നുള്ള മാസങ്ങളിലും പണപ്പെരുപ്പം ഉയര്‍ന്നേക്കും. അതേസമയം, രാജ്യത്തെ ഭക്ഷ്യ സൂചിക ഫെബ്രുവരിയിലെ 8.47 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 8.71 ശതമാനം ഉയര്‍ന്നു. പ്രാഥമിക വസ്തുക്കളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളും നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റിന്റെ തോത് ഫെബ്രുവരിയിലെ 8.2 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 8.06 ശതമാനമായി കുറഞ്ഞു. പച്ചക്കറി വിലക്കയറ്റം ഫെബ്രുവരിയിലെ 26.93 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 19.88 ശതമാനമായും. എന്നാല്‍, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം എന്നിവയുടെ വിലക്കയറ്റം ഫെബ്രുവരിയിലെ 46.14 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 69.2 ശതമാനമായി ഉയര്‍ന്നു.

Tags:    

Similar News