ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ജപ്പാനില്‍ നിന്ന് ഒഴുകിയത് 69000 കോടി രൂപ
എഡ്‌ടെക്, ഫിന്‍ടെക്, ഹെല്‍ത്ത്‌കെയര്‍ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം;
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഫണ്ട് എത്തിക്കൊണ്ടിരിക്കുകയാണ്. യുഎസും ചൈനയും മാത്രമല്ല, ജപ്പാനും ഇന്ത്യന്‍ നിക്ഷേപത്തില്‍ മുന്നിലുണ്ട്. ജാപ്പാനീസ് ഇക്കോണമി, ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി മന്ത്രാലയവും നാസ്‌കോമും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 9.2 ശതകോടി ഡോളറാണ് (ഏകദേശം 690000 കോടി രൂപ) ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ജപ്പാന്‍ നിക്ഷേപം. 2016- 2021 കാലയളവിലെ കണക്കാണിത്. സോഫ്റ്റ് ബാങ്ക് പോലുള്ള നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഒയോ, പേടിഎം, ഒല, ഫ്‌ളിപ്പ്കാര്‍ട്ട്, മീഷോ, ഗ്രോഫേഴ്‌സ്, സ്വിഗ്ഗി, അണ്‍അക്കാഡമി തുടങ്ങിയ വന്‍കിട ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ സോഫ്റ്റ്ബാങ്ക് നിക്ഷേപമുണ്ട്. സോഫ്റ്റ്ബാങ്കിന്റെ വിഷന്‍ ഫണ്ട് 1, 2 എന്നിവയിലൂടെ കോടിക്കണക്കിന് രൂപയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഈ വര്‍ഷം മാത്രം 2 ശതകോടി ഡോളറാണ് സോഫ്റ്റ്ബാങ്ക് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. അവയില്‍ പലതും യൂണികോണ്‍ കമ്പനികളാണ്.