എ.ഐ സ്വയം പഠന പ്ലാറ്റ്‌ഫോമുമായി കേരളത്തിലെ ഈ സ്റ്റാര്‍ട്ടപ്പ്

അമേരിക്കയില്‍ നടക്കുന്ന ലേണിംഗ് ടൂള്‍സ് എന്‍ജിനീയറിംഗ് ആഗോള മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലും ഈ സ്റ്റാര്‍ട്ടപ്പ് സ്ഥാനം നേടി

Update:2023-09-11 12:20 IST

Image : Canva

നിര്‍മ്മിതബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള സ്വയം പഠന പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന് (KSUM) കീഴിലുള്ള 'ഹലോ എ.ഐ' (Hello AI). സമഗ്രവും വ്യക്തിപരവുമായ പഠനാനുഭവം പ്രദാനം ചെയ്യുന്ന ഈ പഠന പ്ലാറ്റ്‌ഫോം എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ലക്ഷ്യമിട്ടാണ് ആരംഭിച്ചതെന്ന് മലയാളി സംരംഭകരുടെ കമ്പനി പറയുന്നു.

ഹലോ എ.ഐയുടെ വാഗ്ദാനം

ഹലോ എ.ഐ-ഹാള്‍ലാബ്സ്.എ.ഐ സ്റ്റാര്‍ട്ടപ്പിന്റെ ഈ പ്ലാറ്റ്ഫോമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠിക്കാനാകും. കൂടാതെ ഇതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് എ.ഐ ഡേറ്റാ സാക്ഷരതാ വൈദഗ്ധ്യവും ഉറപ്പ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ അഡാപ്റ്റീവ് ലേണിംഗ്, എ.ഐ ട്യൂട്ടര്‍ ഉപയോഗിച്ച് വ്യക്തിഗതമാക്കിയ പഠനം, സ്വയം പഠിക്കാനായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനുള്ള സംവിധാനം എന്നിവ ഹലോ എ.ഐ വാഗ്ദാനം ചെയ്യുന്നതായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും ചെറിയ തീരുമാനങ്ങളെപ്പോലും നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യ സ്വാധീനിക്കുമെന്നും ഭാവിയില്‍ ഉത്തരവാദിത്വമുള്ള എ.ഐ പൗരന്മാരാകാന്‍ നമ്മുടെ കുട്ടികളെ തയ്യാറാക്കേണ്ടതുണ്ടെന്നും ഹലോ എ.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രസാദ് പ്രഭാകരന്‍ പറഞ്ഞു. പ്രസാദ് പ്രഭാകരനൊപ്പം പ്രീത പ്രഭാകരന്‍, എഡ്വിന്‍ ജോസ് എന്നിവരും ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നേട്ടങ്ങളില്‍ തിളങ്ങി

കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള പ്രൊഡക്ടൈസേഷന്‍ ഗ്രാന്റ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ നിന്നുള്ള സീഡ് ഗ്രാന്റ്, കിഡ്സേഫ് സേര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയവ ഹലോ എ.ഐ നേടിയിട്ടുണ്ട്. ഈ മാസം അവസാനം അമേരിക്കയില്‍ നടക്കുന്ന ലേണിംഗ് ടൂള്‍സ് എന്‍ജിനീയറിംഗ് ആഗോള മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലും ഹലോ എ.ഐ സ്ഥാനം നേടിയിട്ടുണ്ട്.

Tags:    

Similar News