ഫോബ്സ് 200 പട്ടികയിൽ ഇടംപിടിച്ച് മലയാളി സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ്
'ഡിജെംസ് 2023' ഫെസ്റ്റിലാണ് അംഗീകാരം;
തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ജെന്‍ റോബോട്ടിക്‌സിന് വീണ്ടും ആഗോള അംഗീകാരം. ഡി-ഗ്ലോബലിസ്റ്റിന്റെ (D Globalist) പങ്കാളിത്തത്തോടെ ഫോബ്‌സ് തെരഞ്ഞെടുത്ത 'ടോപ് 200 കമ്പനി'കളുടെ ലിസ്റ്റിലാണ് സ്‌ററാര്‍ട്ടപ്പ് ആയ ജെന്‍ റോബോട്ടിക്സ് തെരഞ്ഞെടുക്കപ്പെട്ടത്.
റോബോട്ടിക്‌സ് മേഖലയില്‍ ജെന്‍ റോബോട്ടിക്സ് ഇന്നൊവേഷന്‍സിന്റെ സുപ്രധാന സംഭാവനകള്‍ കണക്കിലെടുത്താണ് അംഗീകാരം. ആഗോള തലത്തില്‍ സ്വാധീനം ചെലുത്തുന്ന 200 കമ്പനികളെയാണ് ഈ ലിസ്റ്റിംഗിൽ പ്രധാനമായും തെരഞ്ഞെടുത്തിട്ടുള്ളത്. ആഗോള തലത്തില്‍ നെറ്റ്‌വര്‍ക്കിംഗിലൂടെ കമ്പനികളെ വളരാന്‍ സഹായിക്കുന്ന സംരംഭമാണ് ഡി-ഗ്ലോബലിസ്റ്റ്.
'ഫോബ്‌സ് അണ്ടര്‍ 30 ഏഷ്യ ലിസ്റ്റിലും ജെന്‍ റോബോട്ടിക്‌സ്' ഇടം പിടിച്ചിരുന്നു. 'ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ്‌സ് 2023'ല്‍ മികച്ച സ്റ്റാര്‍ട്ടപ്പായി ജെന്‍ റോബോട്ടിക്‌സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
''ഞങ്ങളുടെ ഇന്നോവേഷനെ ലോകം അംഗീകരിക്കുന്നതില്‍ അതിയായ സന്തോഷം ഉണ്ട്, അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഫോര്‍ബ്‌സിന്റെ മികച്ച 200 കമ്പനികളുടെ പട്ടികയില്‍ ഇടം ലഭിച്ചത്. ഇത് കൂടുതല്‍ യുവാക്കള്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാന്‍ പ്രോത്സാഹനമാകുമെന്നും സാങ്കേതിക വിദ്യയിലൂടെ സമൂഹത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി അതിലൂടെ സംരംഭക അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ.'' ജെന്‍ റോബോട്ടിക്സ് ഇന്നോവഷന്‍ സി.ഇ.ഒ വിമല്‍ ഗോവിന്ദ് പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടുകൂടി 2018ല്‍ തുടങ്ങിയ ജെന്‍ റോബോട്ടിക്‌സ്, 'മിഷന്‍ റോബോ ഹോള്‍' പദ്ധതിയിലൂടെയാണ് ശ്രദ്ധേയരായിട്ടുള്ളത്. അഴുക്കുചാലുകളുടെ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ റോബോട്ടിക് സാങ്കേതിക വിദ്യ അവതരിപ്പിച്ചായിരുന്നു ഇത്. മാത്രമല്ല ഇവർ വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്‌കാവെന്‍ജര്‍ ആയ ബാന്‍ഡിക്കൂട്ട് ഇന്ന് ഇന്ത്യയിലെ 19ഓളം സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും ആസിയാന്‍ റീജിയനുകളിലും പ്രവര്‍ത്തിച്ചുവരുന്നു.
മലയാളികൾ നേതൃത്വം നൽകുന്ന ഫിന്‍ടെക് കമ്പനിയായ ഓപ്പണും ഫോബ്‌സ് 'ടോപ് 200 കമ്പനി'കളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.