ബൈജൂസിന്റെ 'ആകാശം' പിടിച്ചെടുക്കാന്‍ മണിപ്പാലിന്റെ രഞ്ജന്‍ പൈ; ഡയറക്ടര്‍ ബോര്‍ഡും ഇനി 'പൈ' മയം
പ്രതിസന്ധിഘട്ടത്തില്‍ ബൈജൂസിന്റെ രക്ഷകനായി അവതരിച്ച വ്യക്തിയാണ് രജ്ഞന്‍ പൈ
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി (Edtech) സ്ഥാപനമായ ബൈജൂസിന്റെ ഉപസ്ഥാപനമായ ആകാശ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം മണിപ്പാല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈയുടെ കൈകളിലേക്ക്. ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2023ല്‍ പൈ നടത്തിയ 30 കോടി ഡോളറിന്റെ (ഏകദേശം 2,500 കോടി രൂപ) നിക്ഷേപം ഓഹരികളാക്കി മാറ്റാന്‍ ആകാശ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിക്കഴിഞ്ഞു.
ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 70 കോടി ഡോളര്‍ (ഏകദേശം 5,830 കോടി രൂപ) മൂല്യം വിലയിരുത്തിയാണിത്. ഇതോടെ ആകാശില്‍ 40 ശതമാനം ഓഹരി പങ്കാളിത്തം പൈയ്ക്ക് ലഭിക്കും. ഇതുവഴി ആകാശിലെ ഏറ്റവും വലിയ ഓഹരി ഉടമയായും അദ്ദേഹം മാറും. ഡയറക്ടര്‍ ബോര്‍ഡിലേക്കും ഇതുവഴി പൈ എത്തും. മാത്രമല്ല, ഡയറക്ടര്‍ അദ്ദേഹത്തിന്റെ രണ്ട് നോമിനികളും ഇടംപിടിച്ചേക്കും. ആകാശിന്റെ സമ്പൂര്‍ണ നിയന്ത്രണം തന്നെ ഇതോടെ രഞ്ജന്‍ പൈയുടെ കൈകളിലേക്കെത്തുമെന്നാണ് വിലയിരുത്തലുകള്‍.
രക്ഷകന്‍ ഇപ്പോള്‍ വില്ലനോ ഹീറോയോ?
പ്രതിസന്ധിഘട്ടത്തില്‍ ബൈജൂസിന്റെ രക്ഷകനായി ആയിരുന്നു രഞ്ജന്‍ പൈയുടെ രംഗപ്രവേശം. ബൈജൂസ് അമേരിക്കന്‍ ധനകാര്യസ്ഥാപനമായ ഡേവിഡ്‌സണ്‍ ആന്‍ഡ് കെംപ്‌നറിന് വീട്ടാനുണ്ടായിരുന്ന വായ്പ തിരിച്ചടയ്ക്കാനാവാതെ ബാധ്യതയായ വേളയിലാണ് സഹായവുമായി രഞ്ജന്‍ പൈ എത്തിയത്. കടം വീട്ടിക്കൊണ്ട് രഞ്ജന്‍ പൈ നടത്തിയ നിക്ഷേപമാണ് ഇതുവഴി ആകാശില്‍ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തമായി മാറുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസിന് കീഴിലെ ഭേദപ്പെട്ട സാമ്പത്തികനേട്ടം കൈവരിക്കുന്ന ഏക സ്ഥാപനമാണ് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട്. 2021-22ല്‍ ബൈജൂസ് രേഖപ്പെടുത്തിയത് 8,254 കോടി രൂപയുടെ നഷ്ടമായിരുന്നു. അതേവര്‍ഷം ആകാശ് 40 ശതമാനം വളര്‍ച്ചയോടെ 1,491 കോടി രൂപയുടെ വരുമാനം നേടി. ലാഭമാകട്ടെ 82 ശതമാനം കുതിച്ച് 79.5 കോടി രൂപയുമാണ്.
ഏക ആശ്വാസമായ ആകാശിലെ നിയന്ത്രണം നഷ്ടപ്പെടുന്നത് ബൈജൂസിന് വലിയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുകളുണ്ട്. 2021 ഏപ്രിലില്‍ 94 കോടി ഡോളറിനായിരുന്നു (7,915 കോടി രൂപ) ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏറ്റെടുത്തത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ മൂല്യം വെറും 5,830 കോടി ഡോളറിലേക്ക് താഴ്ന്നതെന്ന തിരിച്ചടിയുമുണ്ട്.
ഇനി പൈയുടെ ആകാശം!
രഞ്ജന്‍ പൈയ്ക്ക് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 40 ശതമാനം ഓഹരി പങ്കാളിത്തമാണ് ലഭിക്കുന്നത്. തിങ്ക് ആന്‍ഡ് ലേണിന് 26 ശതമാനം, ആകാശിന്റെ സ്ഥാപകന്‍ ചൗധരിക്കും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിനും കൂടി 18 ശതമാനം, ബൈജൂസ് സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് 16 ശതമാനം എന്നിങ്ങനെയുമാണ് ഓഹരി പങ്കാളിത്തം. ചൗധരി, ബ്ലാക്ക്‌സ്റ്റോണ്‍ എന്നിവരുടെ കൈവശമുള്ള ഓഹരികള്‍ കൂടി രഞ്ജന്‍ പൈ സ്വന്തമാക്കാന്‍ സാധ്യതയേറെയാണ്.
മറുവശത്ത്, ബൈജൂസാകട്ടെ മൂല്യത്തകര്‍ച്ചയടക്കം കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഒരുവര്‍ഷം മുമ്പ് 2,200 കോടി ഡോളറായിരുന്നു ബൈജൂസിന്റെ മൂല്യം. അതായത് ഏകദേശം 1.80 ലക്ഷം കോടി രൂപ. ഇപ്പോള്‍ മൂല്യം 50-100 കോടി ഡോളര്‍ മാത്രമാണ്; അതായത് പരമാവധി 8,300 കോടി രൂപ.