കെ.പി ഹോര്‍മീസ് കാലത്തിന് മുന്‍പേ നടന്ന പ്രതിഭാശാലി

Update:2017-11-01 22:23 IST

ഫെഡറല്‍ ബാങ്ക് സ്ഥാപകനും ദീര്‍ഘകാലം ചെയര്‍മാനുമായിരുന്ന കെ.പി ഹോര്‍മീസിന്റെ 100-ാം ജന്മദിനമായിരുന്നു 2017 ഒക്‌റ്റോബര്‍ 18. ഫെഡറല്‍ ബാങ്കിന്റെ അമരത്ത് 34 വര്‍ഷങ്ങളോളം പ്രവര്‍ത്തനോന്മുഖനായിരുന്ന കെ.പി ഹോര്‍മീസ് എന്ന പ്രതിഭാധനനാണ് സാമൂഹിക ബാങ്കിംഗിന് പുതിയ നിര്‍വചനവും ഫെഡറല്‍ ബാങ്കിന് വേറിട്ട ഭാവവും നല്‍കിയത്.

മഹത്തായ ബാങ്കിംഗ് സങ്കല്‍പ്പങ്ങളുമായി മധ്യതിരുവിതാംകൂറില്‍ തിരുവല്ലക്കടുത്തുള്ള നെടുംപുറത്ത് 14 വ്യക്തികള്‍ ചേര്‍ന്ന് 1931 ല്‍ തുടക്കമിട്ട പ്രസ്ഥാനമായിരുന്നു തിരുവിതാംകൂര്‍ ഫെഡറല്‍ ബാങ്ക്. പക്ഷേ, ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ബാങ്ക് അടച്ചു പൂട്ടി, ആറു വര്‍ഷത്തോളം ബാങ്ക് ആ അവസ്ഥയില്‍ തുടര്‍ന്നു. എല്ലാവരും കൈയൊഴിഞ്ഞ ബാങ്കിനെ പുനരുജ്ജീവിപ്പിക്കുവാന്‍ കുളങ്ങര പൗലോ ഹോര്‍മീസ് എന്ന ധിഷണാശാലി ധൈര്യസമേതം മുന്നോട്ടു വന്നു. 1944ല്‍ പെരുമ്പാവൂര്‍ കോടതിയില്‍ അഭിഭാഷകനായിരുന്ന കെ.പി ഹോര്‍മീസ് പിതാവില്‍ നിന്നും മറ്റു പലരില്‍ നിന്നുമായി 2000 രൂപ സമാഹരിച്ച് ബാങ്കിന്റെ 208 ഓഹരികള്‍ വാങ്ങി. പേരിനുമാത്രം അവശേഷിച്ചിരുന്ന തിരുവിതാംകൂര്‍ ഫെഡറല്‍ ബാങ്കിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്, ബാങ്കിംഗ് മേഖലക്ക് ഒരു പുതിയ ഉണര്‍വുണ്ടാക്കുവാന്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസവും സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും കൈത്താങ്ങായി മാറുവാന്‍ കെല്‍പ്പുള്ള ഒരു പുതിയ ബാങ്കിംഗ് സ്ഥാപനമായി തിരുവിതാംകൂര്‍ ഫെഡറല്‍ ബാങ്കിനെ പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയുമായിരുന്നു കെ.പി ഹോര്‍മീസിനെ അത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്.

ഉറച്ച ചുവടുവയ്പ്

ഭദ്രമായ മൂലധനമാണ് ഏതൊരു സ്ഥാപനത്തിന്റെയും ശക്തിയെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്ന ഹോര്‍മീസ്, നാടൊട്ടുക്കും സഞ്ചരിച്ച് തിരുവിതാംകൂര്‍ ഫെഡറല്‍ ബാങ്കിന്റെ മൂലധനം ഏതാനും മാസങ്ങള്‍ക്കൊണ്ട് 5000 രൂപയില്‍ നിന്ന് 71,000 രൂപയാക്കി വര്‍ധിപ്പിച്ചു. ഒട്ടുംതന്നെ സുഗമമല്ലാതിരുന്ന അന്നത്തെ സാമ്പത്തികരംഗവും നിരന്തരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരുന്ന ബാങ്കിംഗ് മേഖലയും കാലഹരണപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ ഓഹരികള്‍ വാങ്ങുവാനുള്ള ധൈര്യം ആര്‍ക്കും നല്‍കിയില്ല. സാമ്പത്തിക രംഗത്തെക്കുറിച്ച് വേണ്ടത്ര തിരിച്ചറിവുണ്ടായിരുന്ന, വെറും 27 വയസു മാത്രം പ്രായമുണ്ടായിരുന്ന കെ.പി ഹോര്‍മീസ് ബാങ്കിന്റെ ഓഹരി വാങ്ങി തന്നോടൊപ്പം അണിചേരുവാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചതും അവരെ ബോധ്യപ്പെടുത്തിയതും പലരേയും അല്‍ഭുതപ്പെടുത്തി. പ്രായത്തിന്റെ അമിതാവേശമെന്നും സാഹസികതയെന്നും അതിബുദ്ധിയെന്നും വരെ ചിലര്‍ അതിനെ വിശേഷിപ്പിച്ചു. അത്തരക്കാര്‍ക്കു മുമ്പില്‍ കൂപ്പുകൈയുമായി നിന്നുകൊണ്ട് വലിയൊരു ബാങ്കിംഗ് സംരംഭത്തിന്റെ പടിവാതില്‍ ഹോര്‍മീസ് പരക്കെ തുറന്നു. അതൊരു മഹാപ്രയാണത്തിന്റെ തുടക്കമായിരുന്നു ഹോര്‍മീസിനും ബാങ്കിനും.

നെടുമ്പുറത്തുനിന്ന് ആലുവയിലേക്ക്

1945ല്‍ ബാങ്കിന്റെ ജനറല്‍ബോഡി യോഗം ഐക്യകണ്ഠമായ തീരുമാനത്തിലൂടെ കെ.പി ഹോര്‍മീസിനെ മാനേജിംഗ് ഡയക്റ്ററായി നിയമിച്ചു. വിശാല കേരളത്തിന്റെ വികസനത്തിനുതകുവാനും കൃഷിക്കും വ്യവസായത്തിനും ഗ്രാമങ്ങളുടെ വളര്‍ച്ചയ്ക്കും പിന്തുണയേകുവാനും കൂടുതല്‍ മേന്മയേറിയ പ്രവര്‍ത്തനമുറപ്പുവരുത്തുവാനുമായി ബാങ്കിന്റെ ആസ്ഥാനം അതേ വര്‍ഷംതന്നെ ആലുവയിലേക്ക് മാറ്റി. ഈ മാറ്റം അതേ അര്‍ത്ഥത്തിലും ഒരു പുതിയ തുടക്കമായിരുന്നു, ബാങ്കിനും ഹോര്‍മീസിനും കൂട്ടാളികള്‍ക്കും.

വിഭവ സമാഹരണത്തിനുള്ള വിശ്രമമില്ലാത്ത യാത്രകളായിരുന്നു പിന്നീട്. പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തി ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് വിപുലീകരിച്ചുകൊണ്ട് സ്ഥാപനത്തിന് കൂടുതല്‍ ശക്തിയും ഊര്‍ജവും പകര്‍ന്നു, ഹോര്‍മീസ്. വികസന പദ്ധതികളുടെ അടുത്ത ഘട്ടമായി 1946ല്‍ അങ്കമാലിയില്‍ ബാങ്കിന്റെ രണ്ടാമത് ശാഖ തുടങ്ങി. മൂന്നാമത്തെ ശാഖ പെരുമ്പാവൂരില്‍ തുടങ്ങുന്നതിനിടയില്‍ 1947ല്‍ ബാങ്കിന്റെ പേര് ഫെഡറല്‍ ബാങ്ക് എന്നാക്കി മാറ്റി.

ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള തിരിച്ചറിവ്

വാണിജ്യ ബാങ്കുകള്‍ക്ക് ഏറ്റവും ചേര്‍ന്നത് ചെറുകിട നിക്ഷേപങ്ങളും ചെറുകിട വായ്പകളു (ഇന്നത്തെ റീറ്റെയ്ല്‍ ബാങ്കിംഗിന്റെ തുടക്കം)മാണെന്ന് 70 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഹോര്‍മീസ് തിരിച്ചറിഞ്ഞിരുന്നു. മറ്റു ബാങ്കുകള്‍ കടന്നു വരാതിരുന്ന സ്വര്‍ണപണയ വായ്പമേഖലയില്‍ പ്രത്യേക പദ്ധതികളുമായി വന്ന് സാധാരണക്കാര്‍ക്ക് തുണയായി മാറി. കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും കച്ചവടക്കാരുടെയും ആവശ്യങ്ങള്‍ക്ക് ഊന്നലും പ്രാധാന്യവും നല്‍കി ബാങ്കിന്റെ നയം ഹോര്‍മീസ് പരിഷ്‌കരിച്ചു. മുന്‍ഗണനയും പരിഗണനയും അര്‍ഹിക്കുന്നതും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സ്ഥായിയായ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്നതുമായ ബാങ്കിംഗ് സമ്പ്രദായങ്ങളിലേക്കായിരുന്നു ഫെഡറല്‍ ബാങ്കിന്റെ ചുവടുവയ്പ്. കാലക്രമേണ, 'പ്രയോറിറ്റി സെക്റ്റര്‍' വായ്പകള്‍ എന്ന പേരില്‍ ഭാരതത്തിന്റെ ബാങ്കിംഗ് മേഖല ആ സിദ്ധാന്തത്തെ ഏറ്റുവാങ്ങി എന്നത് ചരിത്രസത്യം.

ഇതിനിടയില്‍ ഹോര്‍മീസിന് നിയമസഭയിലും സാന്നിധ്യമറിയിക്കാന്‍ സാധിച്ചു. 1954ല്‍ തിരുകൊച്ചി നിയമസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ.പി ഹോര്‍മീസ് പെരുമ്പാവൂരില്‍ നിന്ന് മല്‍സരിക്കുകയും കമ്യൂണിസ്റ്റ് പിന്തുണയോടെ മല്‍സരിച്ച മലയാറ്റൂര്‍ രാമകൃഷ്ണനെ പരാജയപ്പെടുത്തുകയും ചെയ്തു. കാര്‍ഷിക, വ്യവസായിക മേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കണമെന്നും ഗ്രാമവികസനത്തിന് നടപടികള്‍ സ്വീകരണമെന്നും അഭിപ്രായപ്പെട്ടുകൊണ്ട് ഹോര്‍മീസ് നിയമസഭയില്‍ നടത്തിയ പ്രസംഗം ഒട്ടേറെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ ബാങ്കിംഗ് കാഴ്ചപ്പാടുകളുടെ പ്രതിഫലനം കൂടിയായിരുന്നു അത്. 1957ല്‍ കേരള നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ കെ.പി ഹോര്‍മീസിന്റെ മേല്‍ സമ്മര്‍ദമുണ്ടായെങ്കിലും ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയവും ശ്രദ്ധിക്കുന്നതിനായി അദ്ദേഹം അതിന് തയാറായില്ല.

കൂടുതല്‍ ശാഖകള്‍ തുറക്കാനും സമര്‍ത്ഥമായ സാരഥ്യത്തിനുതകുന്ന ചെറുപ്പക്കാരെ ബാങ്കില്‍ നിയമിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താനും ഹോര്‍മീസ് നാടൊട്ടുക്കും യാത്ര ചെയ്തു. തികച്ചും സുതാര്യമായ മാനദണ്ഡങ്ങളോടെ കഴിവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി ബാങ്കില്‍ നിയമനം നല്‍കുകയും അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി കെല്‍പ്പുള്ളവരാക്കി മാറ്റുകയും ചെയ്തു കെ.പി ഹോര്‍മീസ്. ലാഭകരമായ ബാങ്കിംഗ് ബിസിനസ് ചെയ്യണമെങ്കില്‍ അറിവും സന്നദ്ധതയുമുണ്ടാകണമെന്ന് ജീവനക്കാരെ പഠിപ്പിച്ചു. 1959ല്‍ നിരന്തരമായ പ്രവര്‍ത്തനക്ഷമതയും ശക്തിയും തെളിയിച്ചുകൊണ്ട് ഫെഡറല്‍ ബാങ്കിന് ആര്‍ബിഐ ലൈസന്‍സ് നേടിയെടുക്കുന്നതില്‍ കെ.പി ഹോര്‍മീസ് വിജയിച്ചു. 1960ല്‍ പാലാ സെന്‍ട്രല്‍ ബാങ്കിന്റെ പതനത്തോടെ ബാങ്കിംഗ് മേഖല അതീവ ഗുരുതരമായ സാഹചര്യങ്ങളെ നേരിട്ടപ്പോഴും റിസര്‍വ് ബാങ്ക് ചെറുകിട ബാങ്കുകളുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴും, തന്റെ ബാങ്കിനെ, സുരക്ഷിതവും ശക്തവുമാക്കി നിലനിര്‍ത്തുവാന്‍ ഹോര്‍മീസിന് കഴിഞ്ഞു.

1964ല്‍ കൊച്ചി യൂണിയന്‍ ബാങ്ക്, ആലപ്പി ബാങ്ക്, ചാലക്കുടി പബ്ലിക് ബാങ്ക് എന്നീ ബാങ്കുകളുടെ ഏറ്റെടുത്തുകൊണ്ട് മറ്റൊരു തുടക്കം കുറിച്ചു. 1965ല്‍ സെന്റ് ജോര്‍ജ് യൂണിയന്‍ ബാങ്കിനെ ഏറ്റെടുത്തു. 1967ല്‍ മാര്‍ത്താണ്ഡം കൊമേഴ്‌സ്യല്‍ ബാങ്കിനെ ഫെഡറല്‍ ബാങ്കില്‍ ലയിപ്പിച്ചതോടെ ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് ഏകോപന പ്രക്രിയയിലും ഹോര്‍മീസ് മുഖ്യപങ്കാളിയായി. 1969ല്‍ 14 ബാങ്കുകളെ ദേശവല്‍ക്കരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ബാങ്കിംഗ് മേഖലക്കു പുതിയൊരു വഴിത്താരവെട്ടിത്തുറന്നപ്പോള്‍ സ്വകാര്യമേഖലയില്‍ ഫെഡറല്‍ ബാങ്ക് കൂടുതല്‍ പ്രശോഭിച്ചു. 1970ല്‍ ഫെഡറല്‍ ബാങ്ക് ഷെഡ്യൂള്‍ഡ് ബാങ്കായി. വൈകാതെ തന്നെ കെ.പി ഹോര്‍മീസ് ബാങ്കിന്റെ ചെയര്‍മാനുമായി. 1972ല്‍ വിദേശ നാണയ വിനിമയ ബിസിനസുകള്‍ ചെയ്യാനുള്ള ലൈസന്‍സ് കൂടി ബാങ്കിന് ലഭിച്ചു. കാലക്രമേണ വിദേശത്ത് താമസിക്കുന്ന ഭാരതീയരുടെ, പ്രത്യേകിച്ച് മലയാളികളുടെ, ഏറ്റവും പ്രിയപ്പെട്ട ബാങ്കുകളിലൊന്നായി മാറുകയും സമഗ്രമായ വിദേശനാണയ വിനിമയ സമ്പ്രദായങ്ങളില്‍ ബാങ്ക് സജീവമാകുകയും ചെയ്തു.

1977 ലാണ് ഫെഡറല്‍ ബാങ്ക് ആദ്യത്തെ കംപ്യൂട്ടര്‍ വാങ്ങുന്നത്. ബാങ്കിംഗ് മേഖലയില്‍ 1984ല്‍ കംപ്യൂട്ടര്‍ യുഗം ആരംഭിക്കുന്നതിന് വളരെനാള്‍ മുമ്പ് ഓട്ടോമാറ്റിക് ലെഡ്ജര്‍ പോസ്റ്റിംഗ് മെഷീനുകളുമായി ഫെഡറല്‍ ബാങ്കില്‍ യന്ത്രവല്‍ക്കരണത്തിന് തുടക്കമിട്ടു ഹോര്‍മീസ്.

ദേശീയതലത്തിലേക്ക്

ചുരുങ്ങിയ കാലയളവില്‍ കേരളത്തില്‍ ആസ്ഥാനമുള്ള ബാങ്കിനെ ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ചതാണ് ഹോര്‍മീസ് എടുത്ത മറ്റൊരു പ്രധാന തീരുമാനം. 1973ല്‍ രാജ്യത്തെ നാല് മെട്രോ നഗരങ്ങളിലും കോയമ്പത്തൂരിലും ശാഖകള്‍ തുറക്കുവാനുള്ള അനുമതി അദ്ദേഹം നേടി. ദേശസാല്‍കൃത ബാങ്കുകള്‍പോലും കടന്നുചെല്ലാന്‍ മടി കാണിച്ചിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം ശാഖകള്‍ തുറന്നുകൊണ്ട് ബാങ്ക് മുന്നോട്ടുനീങ്ങി.

ലപ്പയേന്തുന്ന കര്‍ഷകന്‍ എന്ന ഔദ്യോഗിക ചിഹ്നത്തിലേക്ക് ക്രമേണ വ്യാവസായിക ചക്രം പകര്‍ന്നുകൊണ്ട് അദ്ദേഹം ബാങ്കിന്റെ നയവും വീക്ഷണവും വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ ചെയ്‌സ് മാന്‍ഹട്ടന്‍, ലണ്ടനിലെ നാഷണല്‍ വെസ്റ്റ് മിനിസ്റ്റര്‍, കാനഡയിലെ ബാങ്ക് ഓഫ് മോണ്‍ട്രിയേല്‍ എന്നീ ബാങ്കുകളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുന്‍നിര ബാങ്കുകളുമായി 1974ല്‍ ഫെഡറല്‍ ബാങ്ക് ബിസിനസ് ബന്ധം സ്ഥാപിച്ചു.1979 മാര്‍ച്ച് 31 ന് ഫെഡറല്‍ ബാങ്കില്‍ നിന്നും കെ.പി. ഹോര്‍മീസ് വിരമിക്കുമ്പോള്‍ ഊര്‍ജ്വസ്വലമായ നിരവധി മുന്നേറ്റങ്ങള്‍ക്ക് ബാങ്ക് പ്രാപ്തി നേടിക്കഴിഞ്ഞിരുന്നു.

കെ.പി ഹോര്‍മിസ് സ്ഥാനമൊഴിഞ്ഞതിനുശേഷം ബാങ്കിന്റെ സാരഥ്യം ഏറ്റെടുത്ത പ്രതിഭാശാലികളെല്ലാവരും സ്ഥാപകന്റെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ചു എന്നതുതന്നെ ഹോര്‍മീസ് വരച്ച മാര്‍ഗരേഖ കുറ്റമറ്റതായിരുന്നു എന്നതിന് തെളിവാണ്.

1988 ജനുവരി 26ന് കെ.പി ഹോര്‍മീസ് ദിവംഗതനായി. മായാതെ, മങ്ങാതെ, ഇന്നും ജ്വലിക്കുന്നു ഹോര്‍മീസ് എന്ന പ്രതിഭാസം ഫെഡറല്‍ ബാങ്കില്‍; നൂറു വയസിന്റെ മികവോടെ.

Similar News