അന്ന് കിറ്റെക്‌സിനെ ക്ഷണിച്ചപ്പോള്‍ അവര്‍ പോലും വിശ്വസിച്ചില്ല; തെലങ്കാനയെ സംരംഭ സൗഹൃദമാക്കിയ രീതി വിശദീകരിച്ച് കെ.ടി രാമറാവു

Update:2024-12-06 10:02 IST

ടൈക്കോണ്‍ കേരള 2024നെ സജീവമാക്കിയ സെഷനുകളിലൊന്നായിരുന്നു തെലങ്കാന മുൻ  വ്യവസായ മന്ത്രി കെ.ടി രാമറാവുവിന്റെ പ്രഭാഷണം. കിറ്റെക്‌സിനെ പരവതാനി വിരിച്ചു സ്വീകരിച്ചതു മുതല്‍ സംരംഭ സൗഹൃദ സംസ്ഥാനമാക്കി തെലങ്കാനയെ മാറ്റിയതു വരെ സരസമായി അവതരിപ്പിച്ച രാമറാവുവിന്റെ പ്രസംഗത്തെ സദസ് കൈയടിച്ചാണ് സ്വീകരിച്ചത്.

കിറ്റെക്‌സ് വന്നവഴി

പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയില്‍ നിന്നാണ് താന്‍ കിറ്റെക്‌സിന്റെ കാര്യം അറിയുന്നത്. അപ്പോള്‍ തന്നെ കിറ്റെക്‌സ് മാനേജിംഗ് ഡയറക്ടറായ സാബു എം. ജേക്കബിനെ നേരിട്ട് വിളിച്ചു. ആരോ കളിയാക്കുന്നതാണെന്ന് കരുതി മറുപടി പറയാന്‍ പോലും അദ്ദേഹം തയാറായില്ല. ഫോണില്‍ കിട്ടിയപ്പോള്‍ അദ്ദേഹത്തെ ഹൈദരാബാദിലേക്ക് ക്ഷണിച്ചു. നേരില്‍ വന്നു കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടു നിക്ഷേപം നടത്തിയാല്‍ മതിയെന്ന് പറഞ്ഞു. ആ ആഴ്ചതന്നെ വരാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. കോവിഡ് ആയതിനാല്‍ തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ വിമാനം അയയ്ക്കാമെന്നും പറഞ്ഞു. അത് സാബുവിന് വലിയ അത്ഭുതമായി. കാര്യമായി തന്നെയല്ലേ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീര്‍ച്ചയായുമെന്ന് താനും പറഞ്ഞു.എങ്കില്‍ വിമാനം അയച്ച് ക്ഷണിക്കുന്ന വിവരം കേരളത്തിലെ ജനങ്ങളോടും മാധ്യമങ്ങളോടും പറയട്ടെയെന്ന് സാബു എന്നോട് ചോദിച്ചു. കേരളത്തോട് ഇക്കാര്യം പറയുന്നത് വിമാനത്തില്‍ കയറിയ ശേഷം മതി. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നിങ്ങളുടെ വീടിനും ഓഫീസിനും മുന്നില്‍ വന്ന് സമരം ഇരിക്കും. നിങ്ങളെ പുറത്തേക്ക് വിടാന്‍ സമ്മതിക്കില്ല. അതു സംഭവിക്കരുത്. അതുകൊണ്ടു വിമാനത്തില്‍ കയറിയ ശേഷം മാത്രം പറഞ്ഞാല്‍ മതിയെന്ന് രാമറാവു പറഞ്ഞു. 
ഇന്ന് 3,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് കിറ്റെക്‌സിന് തെലങ്കാനയില്‍ ഉള്ളതെന്ന് രാമറാവു കൂട്ടിച്ചേര്‍ത്തു.

തെലങ്കാന മോഡല്‍

ഒരു സംസ്ഥാനം സംരംഭക സൗഹൃദമാകണമെങ്കില്‍ സംരംഭകര്‍ തന്നെ സംരംഭങ്ങള്‍ക്കായി സ്വയം അനുമതികള്‍ നല്‍ക്കുന്ന നിലയിലേക്ക് എത്തണം. സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ അപകടകരമാകുന്നത് ഒരു സംരംഭം ആരംഭിച്ച് അത് സമൂഹത്തിനെതിരായി എന്തെങ്കിലും പ്രവര്‍ത്തനങ്ങളിലോ ഫലങ്ങളിലോ പരിണമിക്കുമ്പോഴാണ്. എന്നാല്‍ സ്വയം അനുമതികള്‍ നല്‍കുന്നതോടൊപ്പം സംരംഭത്തിന്റെ എല്ലാ സാമൂഹിക ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാനും തയാറാകണം. തെലങ്കാനയില്‍ തുടക്കം മുതല്‍ സംരംഭകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു സിസ്റ്റം ഉണ്ടാക്കാനാണു  തങ്ങള്‍ ശ്രമിച്ചത്. ഒരു സംരംഭകന്‍ സംരംഭക അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ച് 15 ദിവസത്തിനുള്ളില്‍ അനുമതി നല്‍കാന്‍ ശ്രമിക്കും. അതിനു സാധിച്ചില്ലെങ്കില്‍ പതിനാറാം ദിവസം സ്വയം അനുമതി നല്‍കി സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാം. തിരക്കേറിയ ബംഗളൂരു പോലുള്ള നഗരങ്ങളിലേക്ക് അവസരങ്ങള്‍ തേടിപ്പോകുന്നതിന് പകരം കേരളത്തില്‍ തന്നെ സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. മെന്റര്‍ നെറ്റ്വര്‍ക്കും സര്‍ക്കാര്‍ സഹായവും ടൂറിസവും സംയോജിപ്പിച്ചു കൊണ്ടുള്ള പദ്ധതികളിലൂടെ കേരളത്തിന് ഇത് എളുപ്പത്തില്‍ നേടിയെടുക്കാവുന്നതാണെന്നും രാമറാവു കൂട്ടിച്ചേര്‍ത്തു.
Tags:    

Similar News