സെപ്റ്റംബറിലെ കേരളത്തിന്റെ ജി.എസ്.ടി വരുമാനത്തില്‍ 12% വര്‍ധന

കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ച മൊത്ത ജി.എസ്.ടി വരുമാനം 1.62 ലക്ഷം കോടി രൂപ

Update: 2023-10-03 05:26 GMT

Image : Canva

സെപ്റ്റംബറിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാന ശേഖരണ വളര്‍ച്ചയില്‍ 12% വര്‍ധനയുമായി കേരളം. 2022 സെപ്റ്റംബറില്‍ കേരളത്തിന്റെ ജി.എസ്.ടി വരുമാനം 2,246 കോടി രൂപയായിരുന്നു. 2023 സെപ്റ്റംബറില്‍ ഇത് 2,505 രൂപയായി വര്‍ധിച്ചതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ മൊത്ത ജി.എസ്.ടി വരുമാനം

കണക്കുകള്‍ പ്രകാരം 2023 സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ച മൊത്ത ജി.എസ്.ടി വരുമാനം 1.62 ലക്ഷം കോടി രൂപയാണ്. ഇതില്‍ കേന്ദ്ര ചരക്ക് സേവന നികുതി (സി.ജി.എസ്.ടി) 29,818 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി (എസ്.ജി.എ.സ്ടി) 37,657 കോടി രൂപയും സംയോജിത ചരക്ക് സേവന നികുതി (ഐ.ജി.എസ്.ടി) 83,623 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച 41,145 കോടി രൂപ ഉള്‍പ്പെടെ) സെസ് 11,613 കോടി രൂപയും (ചരക്ക് ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച 881 കോടി രൂപ ഉള്‍പ്പെടെ) ഉള്‍പ്പെടുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് നാലാം തവണയാണ് മൊത്തം ജി.എസ്.ടി ശേഖരണം 1.60 ലക്ഷം കോടി രൂപ കടക്കുന്നത്.

2023-24  ആദ്യ പകുതി

2023 സെപ്റ്റംബറില്‍ അവസാനിക്കുന്ന 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ മൊത്ത ജി.എസ്.ടി ശേഖരണം 9,92,508 കോടി രൂപയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ മൊത്ത ജിഎസ്ടി കളക്ഷനേക്കാള്‍ 11% വര്‍ധന. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി പ്രതിമാസ മൊത്ത കളക്ഷന്‍ 1.65 ലക്ഷം കോടി രൂപയാണ്, ഇത് 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ ശരാശരി പ്രതിമാസ മൊത്ത കളക്ഷനേക്കാള്‍ 11% കൂടുതലാണ്.

Tags:    

Similar News