ഐ.ടി.ആറില്‍ പൊരുത്തക്കേടുകള്‍; ഇ-കാമ്പെയ്നുമായി ആദായനികുതി വകുപ്പ്
സാമ്പത്തിക ഇടപാടുകള്‍ക്ക് ആനുപാതികമായ നികുതിയല്ല പലരും അടച്ചിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ്
നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഇതുവരെ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളിലെ (ഐ.ടി.ആര്‍) പൊരുത്തക്കേടിനെക്കുറിച്ച് നികുതിദായകരെ അറിയിക്കാന്‍ ആദായനികുതി (ഐ.ടി) വകുപ്പ്. ഇതിനായി ധനമന്ത്രാലയം ഇ-കാമ്പെയ്ന്‍ ആരംഭിച്ചു.
ഇ-കാമ്പെയിന്റെ ഭാഗമായി ഇ-മെയിലുകളിലൂടെയും എസ്.എം.എസുകളിലൂടെയും ചില നികുതിദായകരോട് മുന്‍കൂര്‍ നികുതി ബാധ്യത കണക്കാക്കാനും മാര്‍ച്ച് 15ന് മുമ്പായി കുടിശിക വരുത്തിയ മുന്‍കൂര്‍ നികുതി അടയ്ക്കാനും ആദായനികുതി വകുപ്പ് അഭ്യര്‍ത്ഥിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷം ചില വ്യക്തികളും സ്ഥാപനങ്ങളും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ആനുപാതികമായ നികുതിയല്ല പലരും അടച്ചിരിക്കുന്നതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇവരെ വിവരമറിയിക്കാനാണ് ഇ-കാമ്പെയ്ന്‍ ആരംഭിച്ചത്.
നികുതിദായകരുടെ നിര്‍ദ്ദിഷ്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് വിവിധ സ്രോതസുകളില്‍ നിന്നാണ് ലഭിച്ചത്. സുതാര്യത വര്‍ധിപ്പിക്കുന്നതിനും നികുതി പാലിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് നികുതിദായകരെ കാര്യങ്ങള്‍ അറിയിച്ച് ഇ-കാമ്പെയ്ന്‍ നടത്തുന്നതെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.