ആദായ നികുതി ഇളവ് പരിധി അഞ്ചു ലക്ഷമാവുമോ? ലക്ഷ്യം ചെലവഴിക്കല്‍ വരുമാനം ഉയര്‍ത്തല്‍

ബജറ്റില്‍ പുതിയ നികുതി വ്യവസ്ഥയ്ക്ക് മാത്രമാകും പരിഗണന നല്‍കുക

Update:2024-06-19 16:05 IST

മധ്യവര്‍ഗത്തിനിടയില്‍ ഉപഭോഗം വര്‍ധിപ്പിക്കാനും ജി.ഡി.പി വളര്‍ച്ചയ്ക്ക് ആക്കം പകരാനും ആദായ നികുതി ഇളവ് പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തുന്ന കാര്യം പരിഗണയിൽ. മൂന്നാം മോദി സര്‍ക്കാര്‍ ജൂലൈയില്‍ അവതരിപ്പിക്കുന്ന ആദ്യ ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചനകള്‍. നിലവില്‍ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കാണ് വ്യക്തിഗത ആദായ നികുതിയില്‍ ഇളവ് ലഭിക്കുന്നത്. പുതിയ നികുതി വ്യവസ്ഥ സ്വീകരിച്ചിട്ടുള്ളവവര്‍ക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക എന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്. കുറഞ്ഞ വരുമാനക്കാരായ വ്യക്തികളുടെ കൈവശം മതിയായ ചെലവഴിക്കല്‍ വരുമാനം ഉറപ്പു വരുത്താനാണ് ഇതു വഴി ഉദ്ദേശിക്കുന്നത്. 

പുതിയ ബജറ്റില്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കിയാല്‍ 7.60 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യതയില്‍  10,400 രൂപ വരെ കുറവു വന്നേക്കും.
പുതിയ വ്യവസ്ഥയിലേക്ക് 
പഴയ വ്യവസ്ഥയില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ 30 ശതമാനം നികുതി പരിധിയിലാണ് വരുന്നത്. അത് 20 ലക്ഷമാക്കി ഉയര്‍ത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാൽ പഴയ നികുതിവ്യവസ്ഥയില്‍ ആനുകൂല്യങ്ങളൊന്നുമുണ്ടാകാനിടയില്ല. ക്രമേണ പുതിയ നികുതി വ്യവസ്ഥയിലേക്ക് പൂര്‍ണമായി മാറാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ വ്യവസ്ഥയില്‍ 15 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവരാണ് 30 ശതമാനം നികുതി പരിധിയില്‍ വരുന്നത്.
 2020ലെ ബജറ്റിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നികുതി ദായകര്‍ക്കായി പുതിയൊരു നികുതി വ്യവസ്ഥ കൂടി അവതരിപ്പിച്ചത്. കൂടുതല്‍ കിഴിവുകളും ഒഴിവാക്കലുകളും ഉൾപ്പെടുത്തിയാണ് ഇത് കൊണ്ടുവന്നത്. പിന്നീട് 2023ലെ കേന്ദ്ര ബജറ്റിൽ പുതിയ നികുതി വ്യവസ്ഥയെ ഡിഫോള്‍ട്ട് ടാക്‌സ് സിസ്റ്റമാക്കി മാറ്റുകയും ചെയ്‌തു.
ഉയര്‍ന്ന ആദായ നികുതി സ്ലാബ് 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യവും ഇന്‍ഡസ്ട്രിയില്‍ നിന്ന്‌ 
ഉയരുന്നുണ്ട്. ബജറ്റ് അവതരണത്തിനുള്ള തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 22നായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂണ്‍ 20ന് ഇന്‍ഡസ്ട്രി വക്താക്കളുമായി ബജറ്റിന് മുന്നോടിയായുള്ള കൂടിക്കാഴ്ച നടത്തും.
Tags:    

Similar News