GST: നഷ്ടപരിഹാര സെസ് ഈടാക്കുന്നതിനുള്ള സമയം നീട്ടി: എന്തിനൊക്കെ വിലവര്‍ധനവ് തുടരും?

2026 വരെയാണ് സെസ് നീട്ടിയിട്ടുള്ളത്

Update: 2022-06-27 12:28 GMT

GST നഷ്ടപരിഹാര സെസ് ഈടാക്കുന്നതിനുള്ള സമയം 2026 മാര്‍ച്ച് 31 വരെ നീട്ടി. ഇത്തരത്തില്‍ ഏകദേശം 4 വര്‍ഷത്തേക്ക് ഇളവ് തുടരും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ജിഎസ്ടി നഷ്ടപരിഹാര സെസ് തുടരുമെന്നതിൽ തീരുമാനം ഇന്നായേക്കും.

ധനമന്ത്രാലയം വിജ്ഞാപനം ചെയ്ത ചരക്ക് സേവന നികുതി (ലെവി, സെസ് (Levy,Cess)ശേഖരണ കാലയളവ്) ചട്ടങ്ങള്‍, 2022 അനുസരിച്ച് 2022 ജൂലൈ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ ആയിട്ടാണ് നീട്ടിയിട്ടുള്ളത്.

സെസ് ലെവി ജൂണ്‍ 30ന് അവസാനിക്കാനിരിക്കെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സില്‍ തീരുമാനമാണ് പുറത്തുവരാനുള്ളത്.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി സംസ്ഥാനങ്ങള്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കല്‍ 2026 മാര്‍ച്ച് വരെ നീട്ടിക്കിട്ടും. കോവിഡ് മൂലമുള്ള സംസ്ഥാനങ്ങളുടെ വരുമാന ശേഖരണത്തിലെ കുറവ് പരിഗണിച്ചാണിത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ലഖ്നൗവില്‍ നടന്ന 45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം, ഏകീകൃത ദേശീയ നികുതി ജിഎസ്ടിയില്‍ വാറ്റ് പോലുള്ള നികുതികള്‍ ഉള്‍പ്പെടുത്തിയതിന്റെ ഫലമായുണ്ടാകുന്ന വരുമാന കുറവിന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന രീതി 2022 ജൂണില്‍ അവസാനിക്കുമെന്ന് മിസ് സീതാരാമന്‍ പറഞ്ഞിരുന്നു.

നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ സംസ്ഥാനങ്ങളുടെ വിഭവ വിടവ് നികത്താന്‍ കേന്ദ്രം 2020-21ല്‍ 1.1 ലക്ഷം കോടി രൂപയും 2021-22ല്‍ 1.59 ലക്ഷം കോടി രൂപയും കടമെടുത്തു. 2021-22ല്‍ കടമെടുത്തതിന്റെ പലിശയിനത്തില്‍ കേന്ദ്രം 7,500 കോടി രൂപ തിരിച്ചടച്ചു,2022-23 സാമ്പത്തിക വര്ഷത്തേത്  14,000 കോടി രൂപയാണ്.

2023-24 മുതല്‍, ഈ കടമെടുത്തതിലെ പ്രധാന തുകയുടെ തിരിച്ചടവ് സംസ്ഥാനങ്ങളേറ്റെടുക്കണമെന്നതാണ് നിർമല സീതാരാമൻ അറിയിച്ചിരുന്നത്. രാജ്യത്ത് 2017 ജൂലൈ 1 മുതല്‍ ആണ്  GST പ്രാബല്യത്തില്‍ വന്നത്. കൂടാതെ അഞ്ച് വര്‍ഷത്തേക്ക് ജിഎസ്ടി നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന ഏതെങ്കിലും വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കി. ഇതാണ് ഇക്കഴിഞ്ഞ 5 വര്‍ഷമായി നല്‍കി പോരുന്നത്.

സംസ്ഥാനങ്ങളുടെ സംരക്ഷിത വരുമാനം 14% സംയുക്ത വളര്‍ച്ചാ നിരക്കില്‍ വളരുന്നുണ്ടെങ്കിലും, സെസ് പിരിവ് അതേ അനുപാതത്തില്‍ വര്‍ധിച്ചില്ല. ഇതാണ് ഇക്കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചതും.

നഷ്ടപരിഹാര സെസ് ചുമത്തുന്നത് നീട്ടിയതോടെ പുകയില, സിഗരറ്റ്, ഹുക്ക, എയറേറ്റഡ് വാട്ടര്‍, ഹൈ എന്‍ഡ് മോട്ടോര്‍സൈക്കിളുകള്‍, വിമാനം, യാട്ട്, മോട്ടോര്‍ വാഹനങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി നിരക്ക് തുടരുമെന്ന് വ്യവസായ പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News