ജി എസ് ടി പരിഷ്‌കരിക്കുന്നു; 5 ശതമാനം സ്ലാബ് 3, 8 ശതമാനം സ്ലാബുകള്‍ ആക്കിയേക്കും
ഒരു ശതമാനം നികുതി വര്‍ധിപ്പിച്ചാല്‍ തന്നെ പ്രതിവര്‍ഷം 50,000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ചരക്ക് സേവന നികുതി നിരക്കുകള്‍ (ജി എസ് ടി) പരിഷ്‌കരിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ച് ശതമാനം സ്ലാബ് ഒഴിവാക്കി മൂന്ന്, എട്ട് ശതമാനം സ്ലാബുകള്‍ ഉള്‍പ്പെടുത്തിയേക്കും. സംസ്ഥാനങ്ങളുടെ വരുമാനം ഉയര്‍ത്താന്‍ (ജി.എസ്.ടി) ആണ് സ്ലാബുകള്‍ പരിഷ്‌കരിക്കാനുള്ള നീക്കം. 5, 12, 18, 28 എന്നീ സ്ലാബുകളുള്ള നികുതി ഘടനയാണ് നിലവില്‍ കേരളമുള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങള്‍ വിവിധ ഉത്പന്നങ്ങള്‍ക്കുള്ളത്.
വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ നികുതിയില്ലാത്ത ചില ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളെ മൂന്നു ശതമാനം നികുതി സ്ലാബിനുകീഴില്‍ കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്.
നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതൊഴിവാക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഒരു ശതമാനം നികുതി വര്‍ധിപ്പിച്ചാല്‍ തന്നെ പ്രതിവര്‍ഷം 50,000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍ അഞ്ച് ശതമാനം നികുതിയുള്ളവയെ ഏഴോ എട്ടോ ശതമാനത്തില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ആണ് നടക്കുന്നത്. തീരുമാനം സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്. നിലവില്‍ അവശ്യവസ്തുക്കള്‍ക്ക് നികുതി ഒഴിവാക്കുകയോ അഞ്ചുശതമാനമെന്ന കുറഞ്ഞ നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തുകയോ ആണ് ചെയ്തിട്ടുള്ളത്. ആഡംബര വസ്തുക്കള്‍ക്കാണ് ഉയര്‍ന്ന നികുതി ഈടാക്കുന്നത്.
പായ്ക്ക് ചെയ്ത ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ ബ്രാന്‍ഡ് പതിച്ചിട്ടുള്ളവയ്ക്ക് നികുതി അഞ്ച് ശതമാനത്തില്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. അടുത്തമാസം ആദ്യത്തില്‍ സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചേക്കും.
നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തിനുമപ്പുറം തുടരില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ ഉയര്‍ന്ന നികുതി ചുമത്തുക മാത്രമാണ് ജിഎസ്ടി കൗണ്‍സിലിന് മുന്നിലുള്ള ഏകവഴി.
നിരക്കുകള്‍ യുക്തിസഹമാക്കുന്നതിനും നികുതി ഘടനയിലെ അപാകങ്ങള്‍ പരിഹരിക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള വഴികള്‍ നിര്‍ദേശിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സമിതി കഴിഞ്ഞ വര്‍ഷം രൂപീകരിച്ചിരുന്നു.