ജി എസ് ടി വര്‍ധനവിന് ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

അഞ്ച് ശതമാനം ജി എസ് ടി എട്ട് ശതമാനത്തിലേക്ക് വര്‍ധിപ്പിക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍

Update: 2022-04-19 05:07 GMT

സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യത കുറയ്ക്കാന്‍ ജിഎസ്ടി നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്രം. ജിഎസ്ടി നിരക്കുകളുടെ 5 ശതമാനം നികുതി സ്ലാബ് 8 ശതമാനമായി ഉയര്‍ത്താന്‍ ജിഎസ്ടി കൗണ്‍സില്‍ ആലോചിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് കേന്ദ്രം നിഷേധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

5 ശതമാനം നികുതി സ്ലാബ് ഒഴിവാക്കി പകരം 3 ശതമാനവും 8 ശതമാനവും കൊണ്ടുവരാന്‍ ജിഎസ്ടി കൗണ്‍സില്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വന്‍തോതിലുള്ള ഉപഭോഗവസ്തുക്കള്‍(FMCG) 3 ശതമാനം സ്ലാബിലും ബാക്കിയുള്ളവ 8 ശതമാനത്തിലുമായിരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
കൗണ്‍സിലില്‍ നിന്ന് ഇത്തരമൊരു നിര്‍ദ്ദേശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വൃത്തങ്ങള്‍ പറയുന്നു.അതേസമയം, സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഒരു സംഘം ജിഎസ്ടി നിരക്കുകള്‍ യുക്തിസഹമാക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സിലിലേക്ക് അയക്കുന്ന ശുപാര്‍ശകള്‍ മന്ത്രിമാരുടെ സംഘം (GoM) ആലോചിച്ച് അന്തിമമാക്കും.
നിരക്ക് യുക്തിസഹമാക്കല്‍ സംബന്ധിച്ച് ഇതുവരെ ഒരു വീക്ഷണവും ജി ഒ എം എടുത്തിട്ടില്ല, വൃത്തങ്ങള്‍ പറഞ്ഞു. 5 ശതമാനത്തിന്റെ സ്ലാബ് 3 ശതമാനമായും 8 ശതമാനമായും വിഭജിക്കാമെന്നും ബാക്കിയുള്ള 12, 18, 28 ശതമാനം സ്ലാബുകള്‍ തുടരുമെന്നും ചില കോണുകളില്‍ ചിന്തയുണ്ടായിരുന്നു. എന്നാല്‍ ജിഎസ്ടി കൗണ്‍സിലെന്നല്ല, നിരക്ക് യുക്തിസഹീകരണത്തെക്കുറിച്ച് ഇതുവരെ ഒരു വീക്ഷണവും GoM എടുത്തിട്ടില്ല എന്നതാണ് വ്യക്തമാകുന്നത്.




Tags:    

Similar News