കുത്തനെ ഉയര്‍ന്ന് നികുതികള്‍; ദുസ്സഹമായി ജനജീവിതം

അപേക്ഷാ ഫീസ് പോലും 50 രൂപയില്‍ നിന്ന് 1,000 രൂപയായി ഒറ്റയടിക്ക് വര്‍ധിപ്പിച്ചു.

Update:2023-05-18 21:27 IST

നികുതി വര്‍ധനവും സെസുകള്‍ ഏര്‍പ്പെടുത്തിയതും സംസ്ഥാനത്തെ ജന ജീവിതത്തെ താളംതെറ്റിക്കുകയാണ്. സ്വന്തമായൊരു വീടെന്ന എല്ലാവരുടെയും സ്വപ്നം സാധാരണക്കാരന് ഏറെക്കുറെ അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്. പെര്‍മിറ്റ് ഫീസിലടക്കം ഉണ്ടായിരിക്കുന്ന വലിയ വര്‍ധനവും കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റവും ദൗര്‍ലഭ്യവുമാണ് തിരിച്ചടിയായിരിക്കുന്നത്. അടുത്ത കാലം വരെ നാട്ടില്‍ വീടുവെയ്ക്കാന്‍ ചതുരശ്രയടിക്ക് 2,000-2,200 രൂപ മതിയാകുമെങ്കില്‍ ഇപ്പോള്‍ 2,500 രൂപയെങ്കിലും ചുരുങ്ങിയത് വേണം.

Also Read : ജി.എസ്.ടി മന്ത്രിതല സമിതിക്ക് പുതിയ ചെയർമാനെ വേണം,​ കെ.എൻ. ബാലഗോപാലിനും സാദ്ധ്യത

പെര്‍മിറ്റ് ഫീസ് കുത്തനെ കൂടി
കോര്‍പ്പറേഷന്‍ പരിധിയില്‍ 2000 ചതുരശ്രയടി വീട് നിര്‍മിക്കാന്‍ പെര്‍മിറ്റിന് 2,000 രൂപയില്‍ താഴെയാണ് ഇതുവരെ ഈടാക്കിയിരുന്നതെങ്കില്‍ ഇനി 30,000 രൂപയെങ്കിലും വേണ്ടി വരും. മാത്രമല്ല അപേക്ഷാ ഫീസ് പോലും 50 രൂപയില്‍ നിന്ന് 1,000 രൂപയായി ഒറ്റയടിക്ക് വര്‍ധിപ്പിച്ചു. പെര്‍മിറ്റ് നിരക്ക് ചതുരശ്ര മീറ്ററിന് 10 രൂപയുണ്ടായിരുന്നത് 150 രൂപയായി ഉയര്‍ത്തി. 15 ഇരട്ടി വര്‍ധന. 3000 ചതുരശ്രയടിയിലേറെ വിസ്തൃതിയുള്ള വീടാണെങ്കില്‍ മുമ്പ് 3,060 രൂപ മതിയാകുമായിരുന്നു. ഇന്ന് 65,000 രൂപ വേണ്ടി വരും.
നിരക്ക് വര്‍ധന ഈ സാമ്പത്തിക വര്‍ഷം മുതല്‍ ആണെങ്കിലും കഴിഞ്ഞ ഫ്രെബുവരി മുതല്‍ കെട്ടിടത്തിനുള്ള പെര്‍മിറ്റ് വിതരണം വിവിധ കാരണങ്ങള്‍ പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. അന്ന് നല്‍കിയ അപേക്ഷകള്‍ക്ക് പോലും ഇപ്പോള്‍ പുതിയ നിരക്കാണ് ആവശ്യപ്പെടുന്നത്.
വര്‍ധന മാത്രം
വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധന.
മില്‍മ പാലിന് ലിറ്ററിന് ആറ് രൂപ കൂട്ടി.
മദ്യത്തിന് 10-30 രൂപ കൂട്ടി, കൂടാതെ അധിക സെസും.
ട്രഷറി സേവനങ്ങള്‍ക്കുള്ള ഫീസില്‍ വന്‍വര്‍ധന.
വാട്ടര്‍ ചാര്‍ജില്‍ പ്രതിമാസം 50 മുതല്‍ 500 രൂപ വരെ വര്‍ധന.
ഡീസലിനും പെട്രോളിനും രണ്ടു രൂപ വീതം സെസ്.
ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ധന.
കെട്ടിട നികുതി അടയ്ക്കാതിരുന്നാലുള്ള പിഴത്തുക രണ്ടു ശതമാനമാക്കി.
സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതികൂട്ടി, രണ്ടു ലക്ഷം വരെയുള്ള പുതിയ മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ റോഡ് നികുതിയില്‍ രണ്ട് ശതമാനം വര്‍ധന തുടങ്ങി സര്‍വ മേഖലകളിലും നികുതി വര്‍ധനയും സെസ് ഏര്‍പ്പെടുത്തലുമാണ്.


Tags:    

Similar News