ആദായ നികുതി ഇളവ് കാത്തിരിക്കാം, ശമ്പളം പറ്റുന്നവര്‍ക്ക്

80-സി പ്രകാരമുള്ള ഇളവു പരിധി ഉയര്‍ത്തിയിട്ട് 10 വര്‍ഷം

Update:2024-06-27 16:10 IST
Image: Canva
നികുതി വിധേയ വരുമാനത്തില്‍ ആദായ നികുതി നിയമത്തിലെ 80-സി പ്രകാരം അനുവദിച്ചു പോരുന്ന ഇളവു പരിധി പുതിയ ബജറ്റില്‍ ഉയര്‍ത്തി നിശ്ചയിക്കുന്ന കാര്യം പരിഗണനയില്‍. കഴിഞ്ഞ 10 വര്‍ഷമായി 1.50 ലക്ഷം രൂപയാണ് പരിധി. ചില നിക്ഷേപങ്ങള്‍ക്കും ചെലവുകള്‍ക്കും ഡിഡക്ഷന്‍ ആവശ്യപ്പെടാന്‍ അനുവദിക്കുന്ന 80-സി വ്യവസ്ഥയില്‍ മാറ്റം കൊണ്ടുവരുമെന്നാണ് സൂചന.
2014 മുതല്‍ മാറ്റമില്ലാതെ തുടരുന്ന ഇളവ് പരിധി 50,000 രൂപ കൂടി വര്‍ധിപ്പിച്ച് രണ്ടു ലക്ഷമാക്കിയേക്കും. പ്രധാനമായും ശമ്പളം വാങ്ങുന്നവരും മധ്യവര്‍ഗ വിഭാഗക്കാരുമാണ് ഇളവു പ്രതീക്ഷിക്കുന്നവരില്‍ കൂടുതല്‍. ചുരുങ്ങിയത് 2.50 ലക്ഷം രൂപയെങ്കിലുമായി ഇളവു പരിധി ഉയര്‍ത്തണമെന്നാണ് അവരുടെ ആവശ്യം.
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് ഉയര്‍ത്തി നിശ്ചയിക്കുമെന്നു പ്രതീക്ഷിക്കുന്നവരുമുണ്ട്. നികുതിദായകര്‍ക്ക് ഇളവു നല്‍കുന്നത് മധ്യവര്‍ഗത്തിന്റെ ഉപഭോഗം കൂട്ടാനുള്ള വഴിയാണെന്ന് സര്‍ക്കാറിന് ബോധ്യമുണ്ട്. അതേസമയം, ബജറ്റിലെ ധനക്കമ്മി കുറച്ച് സാമ്പത്തിക അച്ചടക്കം കൊണ്ടുവരുന്നതിന് മുന്‍തൂക്കം നല്‍കേണ്ട സാഹചര്യവുമുണ്ട്.
പൊതുതെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ വോട്ടര്‍മാര്‍ ബി.ജെ.പിക്കെതിരെ വോട്ടു ചെയ്തതു കണക്കിലെടുത്ത്, ഈ വിഭാഗം വോട്ടര്‍മാരെ മെരുക്കുകയെന്ന നയം സര്‍ക്കാര്‍ പുറത്തെടുത്തേക്കും.
Tags:    

Similar News