വിദേശത്തെ പരോക്ഷ നിക്ഷേപങ്ങൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

Update:2019-02-12 15:59 IST

ഇന്ത്യക്കാരുടെ വിദേശത്തുള്ള പരോക്ഷ നിക്ഷേപങ്ങൾ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ. വിദേശത്ത് ഓഹരികളും പ്രോപ്പർട്ടിയും ഉള്ളവരും വിദേശ ട്രസ്റ്റുകളുടെ  ഗുണഭോക്താക്കളും നികുതി വകുപ്പിന് വിശദീകരണം നൽകേണ്ടി വന്നേക്കാം.

ആദായ നികുതി വകുപ്പിന് മുന്നിൽ  'ഇൻഡയറക്റ്റ് ഇൻവെസ്റ്മെന്റ്സ്' വെളിപ്പെടുത്താത്തവർക്കാണ് ചോദ്യം നേരിടേണ്ടി വരിക. 

ഇന്ത്യൻ റസിഡന്റ് ആയ ഒരു വ്യക്തി ഓഹരിപങ്കാളിയായിരിക്കുന്ന ഓഫ്‌ഷോർ കമ്പനിയുടെ വിദേശ നിക്ഷേപങ്ങളോ, ഹോൾഡിങ്‌സോ ആണ് പരോക്ഷ നിക്ഷേപങ്ങൾ. ഇവയെക്കുറിച്ചുള്ള വിവരങ്ങൾ ആദായനികുതി വകുപ്പിന് സമർപ്പിക്കണമെന്നാണ് ചട്ടം.

നിക്ഷേപങ്ങൾ വെളിപ്പെടുത്താതിരുന്ന ചില 'ഹൈ പ്രൊഫൈൽ' വ്യക്തികളോട് നികുതിവകുപ്പ് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. ഇത്തരത്തിൽ വിവരങ്ങൾ മറച്ചുവെക്കുന്നത് 10 ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. നികുതിവകുപ്പിന് വേണമെങ്കിൽ പുതിയ കള്ളപ്പണ നിരോധന നിയമത്തിന് കീഴിൽ കേസ് ഫയൽ ചെയ്യാം. 

'ബെനെഫിഷ്യൽ ഓണർഷിപ്' എന്ന പദത്തിന് നിർവചനം നൽകുന്നതിനായി ആദായനികുതി വകുപ്പിന്റെ സെക്ഷൻ 139 ഭേദഗതി ചെയ്തിരുന്നു. 2016 ഏപ്രിൽ ഒന്നുമുതലാണ് പുതിയ നിർവചനം നിലവിൽ വന്നത്. ഇതനുസരിച്ചാണ് ലോകമെമ്പാടും പലയിടങ്ങളിലായി നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യയ്ക്ക് പുറമെയുള്ള ഒരു കമ്പനിയിലെ നിക്ഷേപം ഇതിൽ ഉൾപ്പെടുത്തിയത്. 

നിലവിൽ ഒരു ഇന്ത്യൻ റസിഡന്റ് ഒരു വിദേശ കമ്പനിയിൽ നിക്ഷേപം നടത്തുന്നത് ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) അനുസരിച്ചാണ്. ഒരാൾക്ക് വർഷത്തിൽ 250,000 ഡോളർ വരെ വിദേശ ഓഹരികൾ, പ്രോപ്പർട്ടികൾ,  മറ്റ് അസറ്റുകൾ എന്നിവ നിക്ഷേപം നടത്താൻ അനുവാദമുണ്ട്. 

Similar News