കേരളത്തിലെ ജി.എസ്.ടി പിരിവില്‍ 16% വളര്‍ച്ച; രാജ്യത്ത് ഏറ്റവും പിന്നിൽ ലക്ഷദ്വീപ്

ദേശീയതലത്തിലെ ജി.എസ്.ടി സമാഹരണം കഴിഞ്ഞമാസം 1.68 ലക്ഷം കോടി രൂപ

Update:2024-03-02 11:23 IST

Image : Canva

കേരളത്തിലെ ചരക്ക്-സേവനനികുതി (GST) സമാഹരണം ഫെബ്രുവരിയില്‍ 16 ശതമാനം വര്‍ദ്ധിച്ച് 2,688 കോടി രൂപയിലെത്തിയെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. 2023 ഫെബ്രുവരിയില്‍ കേരളത്തില്‍ നിന്ന് പിരിച്ചെടുത്തത് 2,326 കോടി രൂപയായിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ സംസ്ഥാന ജി.എസ്.ടി (SGST), സംയോജിത ജി.എസ്.ടിയിലെ (IGST) എസ്.ജി.എസ്.ടി എന്നിവയുടെ വിഹിതമായി 28,358 കോടി രൂപയും ധനമന്ത്രാലയം കേരളത്തിന് നല്‍കിയിട്ടുണ്ട്. ഇത് കഴിഞ്ഞവര്‍ഷത്തെ സമാനകാലത്തെ 26,651 കോടി രൂപയേക്കാള്‍ 6 ശതമാനം കൂടുതലാണ്.
ദേശീയതലത്തില്‍ 1.68 ലക്ഷം കോടി
ഫെബ്രുവരിയില്‍ ദേശീയതലത്തില്‍ പിരിച്ചെടുത്ത മൊത്തം ജി.എസ്.ടി 1.68 ലക്ഷം കോടി രൂപയാണ്. 2023 ഫെബ്രുവരിയിലെ 1.49 ലക്ഷം കോടി രൂപയേക്കാള്‍ 12.5 ശതമാനം അധികം.
ഇക്കഴിഞ്ഞ ജനുവരിയിലെ 1.72 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഫെബ്രുവരിയിലെ സമാഹരണത്തില്‍ 2.2 ശതമാനം കുറവുണ്ട്. ഇതുപക്ഷേ, ഫെബ്രുവരിയില്‍ 29 ദിവസം മാത്രം ഉണ്ടായിരുന്നതുകൊണ്ട് വന്ന കുറവായാണ് കണക്കാക്കുന്നത്.
കഴിഞ്ഞമാസം പിരിച്ചെടുത്ത മൊത്തം ജി.എസ്.ടിയില്‍ 31,785 കോടി രൂപ കേന്ദ്ര ജി.എസ്.ടിയാണ് (CGST). സംസ്ഥാന ജി.എസ്.ടിയായി (SGST) 39,615 കോടി രൂപയും സംയോജിത ജി.എസ്.ടിയായി (IGST) 84,098 കോടി രൂപയും പിരിച്ചെടുത്തു. സെസ് ഇനത്തില്‍ 12,839 കോടി രൂപയും ലഭിച്ചു.

പിന്നിൽ ലക്ഷദ്വീപ്
കഴിഞ്ഞമാസവും ഏറ്റവുമധികം ജി.എസ്.ടി പിരിച്ചെടുത്തത് 27,065 കോടി രൂപയുമായി മഹാരാഷ്ട്രയാണ്. വെറും രണ്ടുകോടി രൂപ പിരിച്ചെടുത്ത ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍.
ദേശീയതലത്തില്‍ 2023-24ലെ ശരാശരി പ്രതിമാസ ജി.എസ്.ടി സമാഹരണം 1.67 ലക്ഷം കോടി രൂപയാണ്. 2022-23ല്‍ ഇത് 1.5 ലക്ഷം കോടി രൂപയായിരുന്നു. 2023-24ലെ മൊത്തം ജി.എസ്.ടി പിരിവ് ഫെബ്രുവരി വരെ 18.40 ലക്ഷം കോടി രൂപയായിട്ടുണ്ട്; 11.7 ശതമാനമാണ് വര്‍ദ്ധന.
Tags:    

Similar News