സംസ്ഥാന ജി.എസ്.ടി: കേരളത്തിന്റെ വളര്‍ച്ചാനിരക്കില്‍ കനത്ത ഇടിവ്

മറ്റ് പ്രമുഖ സംസ്ഥാനങ്ങള്‍ 15% വരെ വളര്‍ന്നപ്പോള്‍ കേരളം നിരാശപ്പെടുത്തി

Update: 2024-01-29 06:00 GMT

Image : Canva

കേരളം ഉള്‍പ്പെടെ രാജ്യത്തെ 16 വലിയ (Major) സംസ്ഥാനങ്ങളുടെ തനത് വരുമാന വളര്‍ച്ചാനിരക്ക് നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-നവംബറില്‍ 5 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 17.4 ശതമാനം വളര്‍ച്ചാനിരക്കായിരുന്നു ഇവ പ്രതീക്ഷിച്ചിരുന്നതെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.

വില്‍പന നികുതി, സംസ്ഥാന ജി.എസ്.ടി എന്നിവയിലെ മോശം വളര്‍ച്ചയാണ് സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായത്. 16 മേജര്‍ സംസ്ഥാനങ്ങളും കൂടി നടപ്പുവര്‍ഷം നവംബര്‍ വരെ രേഖപ്പെടുത്തിയ തനത് നികുതി വരുമാന വളര്‍ച്ച (States own tax revenue/SOTR) 11 ശതമാനം മാത്രമാണ്; 20 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്.
സംസ്ഥാന ജി.എസ്.ടി വരുമാനത്തില്‍ മറ്റ് പ്രമുഖ സംസ്ഥാനങ്ങള്‍ 9-15 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ കേരളം നേടിയ വളര്‍ച്ച 5 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 28 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് കേരളം നടപ്പുവര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കടം വാരിക്കൂട്ടുന്നു
തനത് വരുമാനത്തിലെ വീഴ്ചമൂലം മിക്ക സംസ്ഥാനങ്ങള്‍ക്കും വന്‍തോതില്‍ കടം വാങ്ങിക്കൂട്ടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 37 ശതമാനം അധികം കടമാണ് മേജര്‍ സംസ്ഥാനങ്ങള്‍ ഇതിനകം ഈ വര്‍ഷമെടുത്തത്.
വില്‍പന നികുതി വരുമാനവും (Sales Tax) കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റ് കുറഞ്ഞതും പല സംസ്ഥാനങ്ങളെയും സാമ്പത്തിക ഞെരുക്കത്തിലാക്കി. നടപ്പുവര്‍ഷം ഏപ്രില്‍-നവംബറില്‍ വില്‍പന നികുതി വരുമാനം 1.4 ശതമാനം കുറയുകയാണുണ്ടായത്.
16 മേജര്‍ സംസ്ഥാനങ്ങളില്‍ 13 സംസ്ഥാനങ്ങള്‍ക്കുമുള്ള കേന്ദ്ര ഗ്രാന്റില്‍ 31 ശതമാനമാണ് ഇടിവുണ്ടായത്. 19.8 ശതമാനം വര്‍ധന പ്രതീക്ഷിച്ച സ്ഥാനത്താണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.
Tags:    

Similar News