മോദിയുടെ ദശാബ്ദം: കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രത്യക്ഷ നികുതിവരുമാനം കുതിച്ചത് ₹16 ലക്ഷം കോടിയിലേക്ക്
ആദായ നികുതിദായകരുടെ എണ്ണം ഇരട്ടിയിലധികമായി
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരും 5-വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കുകയാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രതീക്ഷിക്കാം.
ഇതിനിടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടയില്‍ പ്രത്യക്ഷ നികുതിവരുമാനത്തിലുണ്ടായ (Direct Tax collections) നേട്ടത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT).
160% കുതിപ്പ്
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറുന്നതിന് തൊട്ടുമുമ്പത്തെ സാമ്പത്തികവര്‍ഷം അഥവാ 2013-14ല്‍ 6.38 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രത്തിന്റെ അറ്റ പ്രത്യക്ഷ നികുതിവരുമാനം (Net Direct tax collections). 2022-23ല്‍ ഇത് 16.63 ലക്ഷം കോടി രൂപയായെന്ന് സി.ബി.ഡി.ടി പറയുന്നു. അതായത്, 160.52 ശതമാനം വളര്‍ച്ച.
നികുതിദായകരുടെ എണ്ണത്തിലെ വര്‍ധന, അവബോധ പരിപാടികള്‍, സാങ്കേതിക വിദ്യകളുടെ വ്യാപനം എന്നിവ നികുതിവരുമാനം കൂടാന്‍ സഹായിച്ച ഘടകങ്ങളാണ്.
പ്രത്യക്ഷ നികുതിയും ജി.ഡി.പിയും തമ്മിലെ അനുപാതം 2013-14ല്‍ 5.62 ശതമാനമായിരുന്നത് 2022-23ല്‍ 6.11 ശതമാനമായി ഉയര്‍ന്നു. ഇത് എക്കാലത്തെയും ഉയരമാണ്.
നികുതിദായകര്‍ ഉയര്‍ന്നു
2013-14ല്‍ വ്യക്തിഗത ആദായ നികുതിദായകര്‍ 3.80 കോടിപ്പേരായിരുന്നു. 2022-23ല്‍ എണ്ണം 7.78 കോടിയായി, വര്‍ധന 104.91 ശതമാനം.