ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ നേടിയത് 58,000 കോടി, കേന്ദ്രം വിവരങ്ങള്‍ ശേഖരിക്കുന്നു
20,000 കോടി രൂപ നികുതി നല്‍കേണ്ടി വരുമെന്ന് സിബിഡിറ്റി
ഫാന്റസി/ഓണ്‍ലൈന്‍ ഗെയിമിംഗ് (Online Gaming) ആപ്പിലൂടെ മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യക്കാര്‍ 58,000 കോടി രൂപ നേടിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിറ്റി). 2019-20,2020-21, 2021-22 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ ഗെയിമിംഗിലൂടെ നേടിയ തുകയാണിത്. 30 ശതമാനം നികുതിയും പിഴയും ചേര്‍ത്ത്, ഗെയിമിംഗിലൂടെ നേട്ടമുണ്ടാക്കിയവര്‍ 20,000 കോടി രൂപ അടയ്‌ക്കേണ്ടി വരുമെന്ന് സിബിഡിറ്റി ചെയര്‍മാന്‍ നിതിന്‍ ഗുപ്ത ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെ നേട്ടമുണ്ടാക്കിയവര്‍ സ്വമേധയാ നികുതി അടയ്ക്കാന്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം നടപടികള്‍ ഉണ്ടാവുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓ്ണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികളില്‍ നിന്ന് കേന്ദ്രം വിവരങ്ങള്‍ ശേഖരിച്ച് വരുകയാണ്. ഈ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിന് അനുസരിച്ചാവും നടപടികള്‍ തുടങ്ങുക.
നിലവില്‍ കുതിര പന്തയം, ലോട്ടറി, കാര്‍ഡ് ഗെയിം ഉള്‍പ്പടെയുള്ള എല്ലാത്തരം വാതുവെയ്പ്പിനും ചൂതാട്ടത്തിനും 30 ശതമാനം ആണ് നികുതി. ഈ മാസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കാസിനോകള്‍ക്കും ഓണ്‍ലൈന്‍ ഗെയിമിംഗിനും 28 ശതമാനം ജിഎസ്ടി (GST) ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel