മോദി 3.0 ആദ്യ ബജറ്റ്: ആദായ നികുതിയിൽ കാര്യമായ ആശ്വാസം പ്രതീക്ഷിച്ച് മധ്യ വർഗ്ഗം
15 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവരുടെ ആദായ നികുതി കുറയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
കേന്ദ്ര ബജറ്റില്‍ ഇക്കുറി മധ്യവര്‍ഗക്കാരുടെ സമ്പാദ്യം ഉയര്‍ത്താനും ഉപഭോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് 15 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവരുടെ ആദായ നികുതിയില്‍ കുറവു വരുത്തിയേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര ലക്ഷം രൂപ വരെയാണ് പരിധിയെന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതുകൂടാതെ 10 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരുടെ നികുതി കുറയ്ക്കുന്നതും പരിഗണനയിലുണ്ടെന്ന് സൂചനയുണ്ട്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ജൂലൈ 22ന് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണപ്പെരുപ്പം ആശങ്ക
പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ആദായ നികുതിയില്‍ ഇളവ് നല്‍കി സാധാരണക്കാര്‍ക്ക് ആശ്വാസമേകാനുള്ള നടപടികള്‍ ബജറ്റില്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ചെയന്‍മാന്‍ സഞ്ജീവ് പുരി അടക്കമുള്ളവര്‍ ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തു.
മൊത്ത വില പണപ്പെരുപ്പം മേയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നെഗറ്റീവ് 3.61 ശതമാനത്തില്‍ നിന്ന് പോസിറ്റീവ് 2.61 ശതമാനമായി. തുടര്‍ച്ചയായ മൂന്നാം മാസമാണ് പണപ്പെരുപ്പം ഉയരുന്നത്. ഏപ്രിലില്‍ 1.26 ശതമാനമായിരുന്നു. റീറ്റെയ്ല്‍ പണപ്പെരുപ്പം മേയില്‍ 12 മാസത്തെ താഴ്ചയായ 4.75 ശതമാനത്തിലെത്തിയെങ്കിലും അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറായില്ല.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ജി.ഡി.പി വളര്‍ച്ച 8.2 ശതമാനമായിട്ടുണ്ട്. എന്നാല്‍ ഉപഭോഗം പകുതിയോളം മാത്രമാണ് വളര്‍ച്ച പ്രാപിച്ചത്.
ഉയരുന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുറയുന്ന വരുമാനം എന്നിവ വോട്ടര്‍മാരില്‍ ആശങ്ക സൃഷ്ടിച്ചെന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് മധ്യ വര്‍ഗക്കാരുടെ സമ്പാദ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായിരിക്കും പുതിയ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക എന്ന് പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കുന്ന സമയത്ത് പ്രധാനമന്ത്രി മോദി വ്യക്തിമാക്കിയത്.