പുതിയ സമ്പദ്‌വര്‍ഷത്തിലേക്ക് ഇനി ഏതാനും ആഴ്ചകള്‍ മാത്രം; ജി.എസ്.ടി അടയ്ക്കുന്ന വ്യാപാരികളേ ഇത് ശ്രദ്ധിക്കൂ

ഇവയെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തേണ്ടതാണ്

Update: 2024-03-08 07:10 GMT

പുത്തന്‍ സാമ്പത്തിക വര്‍ഷം (2024-25) പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ജി.എസ്.ടി (ചരക്ക്-സേവന നികുതി) നികുതിദായകരായ വ്യാപാരികള്‍ 2024 -25 സാമ്പത്തിക വര്‍ഷത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജി.എസ്.ടി രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും പുതുസാമ്പത്തിക വര്‍ഷം വ്യാപാര ഇടപാടുകള്‍ക്ക് അനുസൃതമായി, നിയമപരമായി പാലിക്കേണ്ടതായ വിവിധ നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ജി.എസ്.ടി നിയമ പ്രകാരം 2024 -25 സാമ്പത്തിക വര്‍ഷം മുതല്‍ പുതുതായി കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന അര്‍ഹരായ നികുതിദായകര്‍ ഇതിനായുള്ള ഓപ്ഷന്‍ നിയമപ്രകാരം 2024 മാര്‍ച്ച് 31നോ അതിന് മുന്‍പോ തന്നെ ഫയല്‍ ചെയ്യേണ്ടതുണ്ട്. നിലവില്‍ കോമ്പോസിഷന്‍ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവര്‍ക്ക് പുതുതായി ഓപ്ഷന്‍ നല്‍കേണ്ടതില്ല. ജി.എസ്.ടി റൂള്‍ 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ യൂണീക്ക് ആയ തുടര്‍ സീരീസില്‍ ഉള്ള ടാക്സ് ഇന്‍വോയ്സുകള്‍ ആണ് ഉപയോഗിക്കേണ്ടത്. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തേണ്ടതാണ്.

ഇ-ഇന്‍വോയ്സിംഗ് ബാധ്യത

2017-18 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു പാനില്‍ (PAN) രാജ്യമാകമാനമുള്ള ജി.എസ്.ടി രജിസ്ട്രേഷനുകളിലെയും മൊത്ത വാര്‍ഷിക വിറ്റുവരവ് (Aggregate Turnover) 5 കോടി കടന്നിട്ടുള്ള നികുതിദായകരാണോ. എങ്കില്‍ 2024 ഏപ്രില്‍ ഒന്നുമുതല്‍ സാധനങ്ങളുടെയോ സേവനങ്ങളുടെയോ സപ്ലൈയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ്-ടു-ബിസിനസ് ( B2B) ഇടപാടുകളില്‍ നിര്‍ബന്ധമായും ഇ-ഇന്‍വോയ്സിംഗ് ചെയ്യേണ്ടതാണ്.

ഇ-ഇന്‍വോയ്സിംഗ് ബാധ്യതയുള്ള വ്യാപാരി ഇ-ഇന്‍വോയ്സിംഗ് നടത്തിയില്ലെങ്കില്‍ സ്വീകര്‍ത്താവിന് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന് അര്‍ഹതയുണ്ടാവില്ല. പ്രസ്തുത പരിധിയില്‍ വരുന്ന നിയമപരമായ ബാധ്യതയുള്ള എല്ലാ നികുതിദായകരും കര്‍ശനമായി ഇ-ഇന്‍വോയ്സുകള്‍ നല്‍കേണ്ടതും അപ്രകാരം ചെയ്യാതിരുന്നാല്‍ ജി.എസ്.ടി നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.

ക്യു.ആര്‍.എം.പി

ജി.എസ്.ടി.ആര്‍-1/3ബി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്കുള്ള ത്രൈമാസ റിട്ടേണ്‍ ഫയലിംഗ് സ്‌കീമായ ക്യു.ആര്‍.എം.പി (QRMP) 2024 -25 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദം മുതല്‍ ( 2024 ഏപ്രില്‍ ഒന്നുമുതല്‍ 2024 ജൂണ്‍ 30 വരെ) പ്രയോജനപ്പെടുത്താനുള്ള ഓപ്ഷന്‍ ഫയല്‍ ചെയ്യാനുള്ള അവസരം 2024 ഏപ്രില്‍ 30 വരെ ജി.എസ്.ടി പോര്‍ട്ടലില്‍ ലഭ്യമാണ്. നിലവില്‍ ക്യു.ആര്‍.എം.പി സ്‌കീമില്‍ ഉള്ളവര്‍ക്ക് സാധാരണ പോലെ പ്രതിമാസ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന രീതിയിലേക്ക് മാറാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്. പാന്‍ (PAN) അടിസ്ഥാനമാക്കിയുള്ള 2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്ത വിറ്റുവരവ് 5 കോടിയില്‍ കവിയാത്തവര്‍ക്കാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഈ സ്‌കീമിന്റെ ആനുകൂല്യത്തിനുള്ള അര്‍ഹത.

ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്

ഐ.ജി.എസ്.ടി (IGST) അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ സെസ്സ് യൂണിറ്റുകളിലേക്കോ സാധനങ്ങളോ സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന എല്ലാ കയറ്റുമതിക്കാരും എല്ലാ സാമ്പത്തിക വര്‍ഷവും കയറ്റുമതി നടത്തുന്നതിന് മുന്‍പ് തന്നെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് FORM GST RFD 11 കമ്മീഷണര്‍ മുന്‍പാകെ ഫയല്‍ ചെയ്യേണ്ടതാണ്. 2024-25 സാമ്പത്തിക വര്‍ഷത്തെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് സമര്‍പ്പിക്കാനുള്ള സൗകര്യം 2024 ഏപ്രില്‍ ഒന്നുമുതല്‍ ജി.എസ്.ടി കോമണ്‍ പോര്‍ട്ടലില്‍ ലഭ്യമാകും.

Tags:    

Similar News