ആന്‍ഡ്രോയിഡിന്റെ ചാര്‍ജര്‍ ഇനി ആപ്പിളിനും; മാറ്റം ഐഫോണ്‍ 15 സീരീസ് മുതല്‍

ഐഫോണ്‍ 15 പ്രോ മോഡലുകളുടെ വില ഇനിയും ഉയര്‍ന്നേക്കും

Update:2023-08-02 12:50 IST

Image courtesy: canva

ഡിസ്പ്ലേയില്‍ ഉള്‍പ്പെടെ വന്‍ മാറ്റങ്ങളുമായി ആപ്പിളിന്റെ ഐഫോണ്‍ 15 സീരീസ് ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ആപ്പിള്‍ 15 സീരീസില്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഉള്‍പ്പെടുത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതായത് ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കുന്നതിന് സമാനമായ ചാര്‍ജര്‍ തന്നെ.

വില ഉയര്‍ന്നേക്കും

ഐഫോണ്‍ 15 പ്രോ മോഡലുകളുടെ അരികുകള്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന് പകരം ടൈറ്റാനിയം ഉപയോഹിച്ചാണ് നിര്‍മിക്കുക. അതുകൊണ്ട് തന്നെ ഐഫോണ്‍ 15 പ്രോ മോഡലുകളുടെ വില ഇനിയും ഉയര്‍ന്നേക്കും. ഐഫോണ്‍ 15 സിരീസില്‍ ക്യാമറയില്‍ വലിയ മെച്ചപ്പെടുത്തലുകളുണ്ടകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഐഫോണ്‍ 15 പ്രോ മാക്സിന്റെ പുതിയ പെരിസ്‌കോപ്പ് ലെന്‍സ് ഫോണില്‍ 6 മടങ്ങ് ഒപ്റ്റിക്കല്‍ സൂം വരെ അനുവദിക്കുന്ന റിപ്പോര്‍ട്ടുകളുണ്ട്.

കനംകുറയ്ക്കാന്‍ ലിപോ സാങ്കേതിക വിദ്യ

ലോ ഇഞ്ചക്ഷന്‍ പ്രഷര്‍ ഓവര്‍ മോള്‍ഡിംഗ് (low-injection pressure over-molding) എന്ന ലിപോ (LIPO) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ആയിരിക്കും പുതിയ ഐഫോണില്‍ ഉണ്ടാകുക എന്നും പറയുന്നു. ഇത് ഡിസ്‌പ്ലേയ്ക്ക് ചുറ്റുമുള്ള ബോര്‍ഡര്‍ വലുപ്പം 1.5 മില്ലിമീറ്ററായി ചുരുക്കും. ഉപകരണത്തിന്റെ ബോര്‍ഡറുകള്‍ കനംകുറഞ്ഞതാക്കാനും ഡിസ്‌പ്ലേയുടെ വലുപ്പം വര്‍ധിപ്പിക്കാനും ആപ്പിള്‍ വാച്ച് സീരീസ് 7 ലാണ് ലിപോ ആദ്യമായി ഉപയോഗിച്ചത്. ഐപാഡിലേക്കും ഫീച്ചര്‍ കൊണ്ടുവരാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പ്രോസസര്‍ മാറിയേക്കും

കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 14 പ്രോ മോഡലുകളിലുണ്ടായിരുന്ന A16 പ്രോസസര്‍ ഐഫോണ്‍ 15ലും ഉപയോഗിച്ചേക്കും. എന്നാല്‍ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോമാക്‌സ് എന്നീ മോഡലുകളില്‍ കമ്പനിയുടെ ഏറ്റവും പുതിയ ബയോണിക് A17 പ്രോസസര്‍ ഉപയോഗിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മുന്‍ വര്‍ഷത്തേതിന് സമാനമായി നാല് മോഡലുകള്‍ കമ്പനി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാരാനിരിക്കുന്ന ആപ്പിള്‍ സീരീസുമായി ബന്ധപ്പെട്ട വരുന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുകള്‍ സാധാരണയായി കൃത്യമായിരിക്കും.


Tags:    

Similar News