ആപ്പിളിൽ ഇനി സേവിംഗ്സ് അക്കൗണ്ടും; നേടാം ഉയർന്ന പലിശ
ആപ്പിൾ പേ ലേറ്ററിന് ശേഷം പുതിയ പദ്ധതിയുമായി ആപ്പിൾ
ഉപയോക്താക്കൾക്കായി സേവിംഗ്സ് അക്കൗണ്ട് പദ്ധതി അവതരിപ്പിച്ച് ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ. അമേരിക്കയിലാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാച്സുമായി ചേർന്ന് പദ്ധതി അവതരിപ്പിച്ചത്. 4.15 ശതമാനം വാർഷിക പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നതാണ് ആപ്പിൾ കാർഡ് സേവിംഗ്സ് അക്കൗണ്ട് പദ്ധതി.
മിനിമം ബാലൻസ് വേണ്ട
മിനിമം ബാലൻസോ അക്കൗണ്ടിൽ കാശോ വേണമെന്ന് നിർബന്ധമില്ലെന്നതാണ് ആപ്പിൾ കാർഡ് സേവിംഗ്സ് അക്കൗണ്ട് പദ്ധതിയുടെ പ്രത്യേകത. ഐഫോണിലെ വാലറ്റ് ആപ്പ് തുറന്ന് സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം. ഇതിനായി ഉപയോക്താവിന് ആപ്പിളിന്റെ 'ആപ്പിൾ കാർഡ്" ഉണ്ടായിരിക്കണം. ആപ്പിൾ കാർഡും വാലറ്റ് ആപ്പിൽ നിന്ന് നേടാവുന്നതാണ്.
ആപ്പിൾ കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകളിലൂടെ ലഭിക്കുന്ന റിവാർഡ് തുകകൾ നേരിട്ട് ആപ്പിൾ കാർഡ് സേവിംഗ്സ് അക്കൗണ്ടിലെത്തും. മൂന്ന് ശതമാനം വരെ കാഷ്ബാക്കാണ് പർച്ചേസുകൾക്ക് ആപ്പിൾ കാർഡ‌് വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കൾക്ക് അവരുടെ മറ്റ് ബാങ്ക് അക്കൗണ്ടിലെ തുകയും ആപ്പിൾ കാർഡ് സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റാം.
Also Read : ആപ്പിൾ ഇപ്പോൾ വാങ്ങാം, കാശ് പിന്നെ കൊടുക്കാം!
ഉയർന്ന പലിശ
അമേരിക്കയിലെ ശരാശരി സേവിംഗ്സ് അക്കൗണ്ട് വാർഷിക പലിശനിരക്ക് 0.35 ശതമാനമാണ്. ഇതിനേക്കാൾ ഏറെ ഉയർന്നതാണ് ആപ്പിളിന്റെ വാഗ്ദാനമായ 4.15 ശതമാനം. ആപ്പിളിന്റെ വാലറ്റ് ആപ്പ് മുഖേന ഉപയോക്താവിന് ആപ്പിൾ കാർഡ് സേവിംഗ്സ് അക്കൗണ്ട് കൈകാര്യം ചെയ്യാം.
ബൈ നൗ, പേ ലേറ്റർ
മാർച്ച് അവസാനവാരമാണ് ആപ്പിൾ അമേരിക്കൻ വിപണിയിൽ 'ആപ്പിൾ പേ ലേറ്റർ" എന്ന ബൈ നൗ പേ ലേറ്റർ പദ്ധതി അവതരിപ്പിച്ചത്. ഉത്പന്നങ്ങൾ മുൻകൂർ പണമടയ്ക്കാതെ വാങ്ങാവുന്ന പദ്ധതിയാണിത്. ആറാഴ്ചയ്ക്കകം നാല് തവണകളിലായി പണം തിരിച്ചടയ്ക്കണം. പലിശയോ മറ്റ് ഫീസുകളോ ഇല്ല. ആപ്പിൾ പേ ലേറ്റർ, സേവിംഗ്സ് അക്കൗണ്ട് പദ്ധതികൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ആപ്പിൾ ഇതുവരെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.