പുതിയ ഐഫോണ്‍ 15 സീരീസ് സെപ്റ്റംബര്‍ 12ന്

ഐഫോണുകള്‍ക്കൊപ്പം നെക്‌സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് വാച്ചുകളും കമ്പനി പുറത്തിറക്കും

Update: 2023-08-30 06:44 GMT

Photo : Apple / Website

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 15 സീരീസ് സെപ്റ്റംബര്‍ 12ന് അവതരിപ്പിക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. ഈ സീരീസിലെ നാല് ഐഫോണുകള്‍ക്കൊപ്പം നെക്‌സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് വാച്ചുകളും കമ്പനി പുറത്തിറക്കും.

ലോഞ്ച്  ഇവന്റ് ആപ്പിളിന്റെ വെബ്സൈറ്റ് വഴിയും ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴിയും ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ ടിവി എന്നിവയില്‍ മാത്രം ലഭ്യമാകുന്ന ആപ്പിള്‍ ടിവി ആപ്പ് വഴിയും സെപ്റ്റംബര്‍ 12ന് രാത്രി 7:30ന് ലൈവായി സ്ട്രീം ചെയ്യും. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ആപ്പിള്‍ വാച്ച് സീരീസ് 9 ന്റെ ഉയര്‍ന്ന നിലവാരമുള്ള അള്‍ട്രയുടെ സെക്കന്‍ഡ് ജനറേഷന്‍ പതിപ്പും കമ്പനി സെപ്തംബര്‍ 12ന് പുറത്തിറക്കും.

വന്‍ മാറ്റങ്ങളോടെ

ആപ്പിള്‍ ഐഫോണ്‍ 15 സീരീസില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിങ്ങനെ രണ്ട് എന്‍ട്രി ലെവല്‍ മോഡലുകളും രണ്ട് ഹൈ-എന്‍ഡ് മോഡലുകളും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 15 പ്രോ മാക്സ് എന്ന വില കൂടിയ മോഡല്‍ പെരിസ്‌കോപ്പ് ക്യാമറയുമായിട്ടായിരിക്കും വരുന്നതെന്നും സൂചനകളുണ്ട്. ഇത് തന്നെയായിരിക്കും പുതിയ തലമുറ ഐഫോണുകളുടെ പ്രധാന ആകര്‍ഷണം.

ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ എ17 ബയോണിക് പ്രോസസറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ആപ്പിള്‍ 15 സീരീസില്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഉള്‍പ്പെടുത്തുക. അതായത് ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കുന്നതിന് സമാനമായ ചാര്‍ജര്‍. ഐഫോണ്‍ 15 പ്രോ മോഡലുകളുടെ അരികുകള്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീലിന് പകരം ടൈറ്റാനിയം ഉപയോഹിച്ചാണ് നിര്‍മിക്കുക. അതുകൊണ്ട് തന്നെ ഐഫോണ്‍ 15 പ്രോ മോഡലുകളുടെ വില ഉയര്‍ന്നേക്കും.

ലോ ഇഞ്ചക്ഷന്‍ പ്രഷര്‍ ഓവര്‍ മോള്‍ഡിംഗ് (low-injection pressure over-molding) എന്ന ലിപോ (LIPO) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ ആയിരിക്കും പുതിയ ഐഫോണില്‍ ഉണ്ടാകുക എന്നും പറയുന്നു. ഇത് ഡിസ്പ്ലേയ്ക്ക് ചുറ്റുമുള്ള ബോര്‍ഡര്‍ വലുപ്പം 1.5 മില്ലിമീറ്ററായി ചുരുക്കും. ഐപാഡിലേക്കും ഫീച്ചര്‍ കൊണ്ടുവരാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്.


Tags:    

Similar News