പേറ്റന്റില്‍ പണിപാളി, വാച്ച് കച്ചവടം നിറുത്തി ആപ്പിള്‍; കേടായത് നന്നാക്കാനും പറ്റില്ല!

ആപ്പിള്‍ പേറ്റന്റുകള്‍ തെറ്റിച്ചെന്ന് യു.എസ് ട്രേഡ് കമ്മീഷന്‍

Update: 2023-12-22 06:43 GMT

പേറ്റന്റ് തര്‍ക്കവുമായി ബന്ധപ്പെട്ട നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ യു.എസില്‍ ആപ്പിള്‍ വാച്ച് സീരീസ് 9, അള്‍ട്രാ 2 എന്നിവയുടെ ഓണ്‍ലൈന്‍ വില്‍പ്പന നിര്‍ത്തി കമ്പനി. വാറന്റി അവസാനിച്ച ഇത്തരം വാച്ച് മോഡലുകളില്‍ വരുന്ന കേടുപാടുകള്‍ നന്നാക്കാനും ഇനി കഴിയില്ലെന്ന് ആപ്പിള്‍ അറിയിച്ചു. ക്രിസ്മസ്, പുതുവര്‍ഷാരംഭം ഉള്‍പ്പെടെയുള്ള അവധിദിനങ്ങളിലെ ഷോപ്പിംഗിനെ ഈ വില്‍പ്പന നിരോധനം ബാധിക്കും.

മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ മാസിമോയുടെ കൈവശമുള്ള ബ്ലഡ് ഓക്‌സിജന്‍ സെന്‍സിംഗുമായി ബന്ധപ്പെട്ട രണ്ട് ആരോഗ്യ-സാങ്കേതിക പേറ്റന്റുകള്‍ ആപ്പിള്‍ ലംഘിച്ചുവെന്ന് വിധിച്ച യു.എസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനാണ് വില്‍പ്പന നിരോധനം ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 24ന് യു.എസിലെ ഏകദേശം 270 റീറ്റെയ്ല്‍ സ്റ്റോറുകളിലെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് കമ്പനി മുമ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ വില്‍പ്പനയും നിര്‍ത്തലാക്കുന്നത്.

അതേസമയം ആപ്പിള്‍ വാച്ച് മോഡലുകളെ വിപണിയില്‍ തിരികെ എത്തിക്കുന്നതിനായി ആവശ്യമായ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനകം കമ്പനി ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ യു.എസില്‍ മാത്രമാണ് വില്‍പ്പന നിരോധനം. മറ്റ് വിപണികളില്‍ ഇതിന്റെ വില്‍പ്പന തുടരും.

 

Tags:    

Similar News