പ്ലാസ്റ്റിക് കാര്‍ഡിന് വിലയില്ലാതായ ദിനം; ദുബൈ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഷോപ്പിങ്ങിന് പോയവരുടെ കഥ
ലുലു സൂപ്പര്‍മാര്‍ക്കറ്റുകളെ ബാധിച്ചില്ല
ദുബൈ നഗരത്തില്‍ അവധി ദിവസത്തില്‍ വൈകീട്ട് ഷോപ്പിംഗിന് പോയവര്‍ കാഷ് കൗണ്ടറിലെത്തിയപ്പോള്‍ അന്തംവിട്ടു. '' കാര്‍ഡ് എടുക്കുന്നില്ല, പണം തരൂ...'' കാഷ്യറുടെ ആവശ്യം കേട്ട് പോക്കറ്റില്‍ തപ്പിയപ്പോള്‍ പണമൊന്നില്ല. ചിലര്‍ എ.ടി.എമ്മുകളിലേക്ക് നീങ്ങി, മറ്റു ചിലര്‍ പരിചിതരില്‍ നിന്ന് തല്‍ക്കാലം കടം വാങ്ങി. കാര്‍ഡ് പേയ്‌മെന്റുകൾ ജീവിതത്തിന്റെ ഭാഗമാക്കിയ ദുബൈ നിവാസികളും വെള്ളിയാഴ്ചത്തെ മൈക്രോ സോഫ്റ്റ് സാങ്കേതിക തകരാറില്‍ കുടുങ്ങി. ദുബൈ നഗരത്തിലെ ഒട്ടുമിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും പേയ്‌മെന്റ് കാര്‍ഡ് സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ സ്തംഭനാവസ്ഥയിലായിരുന്നു. ചില എ.ടി.എമ്മുകളും പണമുടക്കിയതോടെ ചെറിയ തുകക്ക് പോലും ജനങ്ങള്‍ നെട്ടോട്ടമായി. അബുദാബി നഗരത്തിലെ ഏതാനും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇതുതന്നെയായിരുന്നു സ്ഥിതി. ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രതിസന്ധിയെ കുറിച്ച് സ്ഥിരം ഉപഭോക്താക്കള്‍ക്ക് ഫോണ്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ പ്രതിസന്ധിക്ക് രാത്രിയോടെ പരിഹാരമായി.
പെട്രോള്‍ സ്‌റ്റേഷനുകളിലും ആശയകുഴപ്പം
ദുബൈ,അബുദാബി നഗരങ്ങളിലെ പെട്രോള്‍ സ്‌റ്റേഷനുകളില്‍ സൈബര്‍ സാങ്കേതിക തകരാര്‍ പ്രതിസന്ധികളുണ്ടാക്കി. അബുദാബിയിലെ ഒരു സ്റ്റേഷനില്‍ വാഹനങ്ങളില്‍ ഇന്ധനം നിറച്ചു കൊണ്ടിരിക്കുമ്പോഴാണ് കാര്‍ഡ് പേയ്‌മെന്റ് സംവിധാനം തകരാറിലായത്. ഇന്ധനം നിറച്ചു കഴിഞ്ഞവര്‍ക്ക് കാര്‍ഡ് വഴിയുള്ള പേയ്‌മെന്റ് സാധ്യമായില്ല. കയ്യില്‍ പണം കരുതാതിരുന്നവര്‍ ഏറെ വലഞ്ഞു. ' ഭാഗ്യത്തിന് എന്റെ കയ്യില്‍ 50 ദിര്‍ഹം ഉണ്ടായിരുന്നു. അതു കൊണ്ട് തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടു.'' ജബല്‍ അലിയിലെ പെട്രോള്‍ സ്‌റ്റേഷനില്‍ നിന്ന് 'രക്ഷപ്പെട്ട' പ്രവാസിയായ ഗീതാലക്ഷ്മി പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, പെട്രോള്‍ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് ജനങ്ങള്‍ ഏറെ വലഞ്ഞത്.
ലുലുവില്‍ എല്ലാം സുരക്ഷിതം
ആഗോളതലത്തിലുണ്ടായ സൈബര്‍ പ്രതിസന്ധി മലയാളി വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിയുടെ ഉടമയിലുള്ള ലുലു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയെ ബാധിച്ചില്ല. ലുലു ഗ്രൂപ്പ് ഇന്റര്‍നെറ്റിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രത്യേക സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കുന്നതാണ് കാരണം. 'സാങ്കേതിക തകരാര്‍ അനുഭവപ്പെട്ട സോഫ്റ്റ്‌വെയറുകള്‍ അല്ല ലുലു ഗ്രൂപ്പ് ഉപയോഗിക്കുന്നത്. അതു കൊണ്ട് യാതൊരു പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നില്ല. സൈബര്‍ പ്രതിസന്ധികളെ മറികടക്കാന്‍ വ്യത്യസ്ത സംവിധാനങ്ങളാണ് ഇവിടെയുള്ളത്.'' ലുലു ഗ്രൂപ്പ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് അനീഷ് പറഞ്ഞു.