ബൈജു രവീന്ദ്രന്റെ ഓഫീസുകളിലും വീട്ടിലും ഇ.ഡി റെയ്ഡ്; നിരവധി രേഖകള്‍ പിടിച്ചെടുത്തു
വിദേശനാണ്യ വിനിമയ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപണം
വിദ്യാഭ്യാസ ടെക്‌നോളജി(Edutech) കമ്പനിയായ ബൈജൂസിന്റെ ബാംഗളൂരിലെ ഓഫീസുകളിലും സി.ഇ.ഒ ബൈജു രവീന്ദ്രന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം (FEMA) ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. പരിശോധനയില്‍ നിരവധി രേഖകളും ഡേറ്റകളും പിടിച്ചെടുത്തതായി ഇ.ഡി വ്യക്തമാക്കി.
മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് ഓഫീസുകളിലും വീട്ടിലുമാണ് റെയ്ഡ് നടന്നത്.
2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 28,000 കോടി രൂപയുടെ വിദേശ നിക്ഷേപം കമ്പനിക്ക് ലഭിച്ചിരുന്നു. ഇതില്‍ 9,754 കോടി രൂപയുടെ നിക്ഷേപം വിദേശത്തേക്ക് മാറ്റി.
കണക്കുകള്‍ ഓഡിറ്റിന് വിധേയമാക്കിയിട്ടില്ല
വിദേശ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുള്‍പ്പെടെ പരസ്യത്തിനും മറ്റ് മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കുമായി 944 കോടി രൂപ കമ്പനി മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ 2020-21 കാലയളവു മുതല്‍ ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുകയോ അക്കൗണ്ട്‌സ് ഓഡിറ്റിന് വിധേയമാക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ ബാങ്കുകളുമായി ചേര്‍ന്ന് പരിശോധിച്ചാണ് ഇ.ഡി ഇതില്‍ വ്യക്തത വരുത്തിയത്.
വിവിധയിടങ്ങളില്‍ നിന്ന് ബൈജൂസ് പ്ലാറ്റ്‌ഫോമിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി തെളിവെടുപ്പ് നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി നിരവധി സമന്‍സ് അയച്ചിരുന്നെങ്കിലും ബൈജു രവീന്ദ്രന്‍ ഹാജരായില്ലെന്നും ഇ.ഡിയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഈ വിഷയത്തില്‍ ബൈജു രവീന്ദ്രന്‍ ഇതേ വരെ പ്രതികരിച്ചിട്ടില്ല.