ആളുകള്‍ മെറ്റാവേഴ്‌സിന് പിന്നാലെ പോകില്ലെന്ന് ഇലോണ്‍ മസ്‌ക്

പകരം സ്വന്തം ടെക്‌നോളജിയായ ന്യൂറാലിങ്കിലേക്കാണ് മസ്‌ക് വിരല്‍ ചൂണ്ടുന്നത്

Update: 2021-12-23 08:38 GMT

ഇൻ്റനെറ്റിൻ്റെ അടുത്ത തലമുറ എന്നാണ് മെറ്റാവേഴ്‌സിനെ വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥ ലോകത്തിൻ്റെ വിര്‍ച്വല്‍ പതിപ്പാണ് മെറ്റാവേഴ്‌സ്. മെറ്റാവേഴ്‌സില്‍ എല്ലാവര്‍ക്കും ഒരു ഡിജിറ്റല്‍ അവതാര്‍ ഉണ്ടാകും. ഈ ഡിജിറ്റല്‍ അവതാറിലൂടെ കാണാനും ഇടപെഴകാനും സാധിക്കും. വിആര്‍ ഹെഡ്‌സെറ്റുകളിലൂടെയാണ് ഈ അനുഭവം സാധ്യമാക്കുന്നത്. ഭാവി മെറ്റാവേഴ്‌സിന്റേതാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഫേസ്ബുക്കിൻ്റെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തൻ്റെ കമ്പനിക്ക് മെറ്റ എന്ന പേര് നല്‍കിയത് പോലും.

എന്നാല്‍ ഇപ്പോള്‍ മെറ്റാവേഴ്‌സിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലോക സമ്പന്നനും ടെസ്‌ല, സ്‌പെയ്‌സ് എക്‌സ് എന്നിവയുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക്. ദിവസം മുഴുവനും ആളുകള്‍ മുഖത്ത് സ്‌ക്രീനും ഘടിപ്പിച്ച് നടക്കുമെന്ന് കരുതുന്നില്ലെന്നാണ് മസ്‌ക് പറഞ്ഞത്. ഇത് കണ്ണിന് നല്ലതല്ലെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. ദി ബാബിലോണ്‍ ബീയ്ക് നല്‍കിയ അഭിമുഖത്തിലാണ് മസ്‌കിന്റെ അഭിപ്രായ പ്രകടനം. ഇന്റര്‍നെറ്റിന്റെ ഉട്ടോപ്യന്‍ സങ്കല്‍പ്പം എന്ന് അറിയപ്പെടുന്ന വെബ്ബ് 3.0 നും വലിയ സാധ്യതകള്‍ ഇല്ലെന്ന് മസ്‌ക് വിലയിരുത്തി.
ഇതിനെല്ലാം പകരം മസ്‌ക് മുന്നോട്ട് വെയ്ക്കുന്നത് സ്വന്തം ടെക്‌നോളജിയായ ന്യൂറാലിങ്കിനെയാണ്. തലച്ചോറില്‍ ഘടിപ്പിക്കാവുന്ന ചിപ്പുകളാണ് മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ന്യൂറോ-ടെക്‌നോളജി കമ്പനി വികസിപ്പിക്കുന്നത്. മനുഷ്യൻ്റെ ശാരീരിക ക്ഷമത ടെക്‌നോളജിയുടെ സഹായത്തോടെ ഉയര്‍ത്തുകയാണ് ചിപ്പുകള്‍ ചെയ്യുന്നത്. ശരീരം തളര്‍ന്ന ഒരാള്‍ക്ക് പോലും ന്യൂറാലിങ്ക് ഉപയോഗിക്കാം എന്നാണ് മസ്‌ക് പറയുന്നത്.
ഗെയിമിംഗില്‍ ഉള്‍പ്പടെ മെറ്റാവേഴ്‌സ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം മസ്‌കിന്റെ ന്യൂറാലിങ്ക് പരീക്ഷണ ഘട്ടത്തിലാണ്. 2024 ഓടെ 800 ബില്യണ്‍ ഡോളറിൻ്റെ അവസരങ്ങള്‍ മെറ്റാവേഴ്‌സ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.


Tags:    

Similar News