ട്വിറ്ററിന്റെ അടുത്ത സിഇഒ ആയി ഇലോണ്‍ മസ്‌ക് എത്തുമോ..?
ഏറ്റെടുക്കല്‍ പൂര്‍ത്തിയായ ശേഷം ആയിരിക്കും സിഇഒയെ പ്രഖ്യാപിക്കുക;
ട്വിറ്ററിനെ ഏറ്റെടുക്കുന്നതിനൊപ്പം കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് ഇലോണ്‍ മസ്‌ക് (Elon Musk) എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മറ്റൊരാളെ കണ്ടെത്തും വരെ താല്‍ക്കാലികമായി ആവും മസ്‌ക് ട്വിറ്ററിന്റെ സിഇഒ (Twitter Ceo) ആവുക. നിലവിലെ ട്വിറ്ററിന്റെ ഇന്ത്യന്‍ സിഇഒ പരാഗ് അഗര്‍വാള്‍ (Parag Agarwal), കൈമാറ്റം പൂര്‍ത്തിയാവുന്നതോടെ സ്ഥാനം ഒഴിയുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ ആയിരുന്ന പരാഗ് അഗര്‍വാള്‍ 2021 നവംബറിലാണ് സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്. ഗവേഷണ സ്ഥാപനമായ ഇക്വിലാര്‍ പറയുന്നതനുസരിച്ച്, മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ പുറത്താക്കപ്പെട്ടാല്‍, പരാഗ് അഗര്‍വാളിന് 42 മില്യണ്‍ ഡോളറോളം പ്രതിഫലമായി ലഭിക്കും. 2021ല്‍ 30.4 മില്യണ്‍ ഡോളറായിരുന്നു പരാഗ് അഗര്‍വാളിന്റെ ശമ്പളം.
ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കളില്‍ നിന്നും നിക്ഷേപകരില്‍ നിന്നുമായി 7.14 ബില്യണ്‍ ഡോളര്‍ കൂടി കണ്ടെത്തിയതായി ഇന്നലെ മസ്‌ക് അറിയിച്ചിരുന്നു. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. പണം കണ്ടെത്തുന്നതിന്റെ ഭാഗമായി നേരത്തെ ട്വിറ്ററിന്റെയും ടെസ്‌ലയുടെയും ഓഹരികള്‍ വെച്ച് 25.5 ബില്യണ്‍ ഡോളറിന്റെ വായ്പയാണ് മസ്‌ക് നേടിയത്. കൂടാതെ ടെസ്ലയുടെ 8.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികിളും മസ്‌ക് വിറ്റിരുന്നു.
ഇടപാട് പൂര്‍ത്തിയാവുന്നതോടെ ട്വിറ്റര്‍ ബോര്‍ഡില്‍ ഉള്‍പ്പടെ പരിഷ്‌കാരങ്ങള്‍ ഉണ്ടാവും. വരുമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ട്വിറ്റര്‍ ജീവനക്കാരുടെ എണ്ണവും മസ്‌ക് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് അവസാനിപ്പിച്ചാല്‍ 3 മില്യണ്‍ ഡോളര്‍ ലാഭിക്കാമെന്ന് മസ്‌ക് നേരത്തെ വിലയിരുത്തിയിരുന്നു. വാണിജ്യ അടിസ്ഥാനത്തില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നവരില്‍ നിന്നും സര്‍ക്കാരുകളില്‍ നിന്നും സേവനങ്ങള്‍ക്ക് പണം ഈടാക്കാനും മസ്‌കിന് പദ്ധതിയുണ്ട്. അതേ സമയം സാധാരണക്കാര്‍ക്ക് ട്വിറ്റര്‍ സേവനങ്ങള്‍ സൗജന്യമായി തന്നെ തുടരും.