കിളി പറന്നു; ട്വിറ്ററിന്റെ കൂട്ടില്‍ ഇനി ജാപ്പനീസ് നായ

ട്രോള്‍ ചിത്രമായ 'ഡോഷ്' ആണ് പുതിയ ലോഗോ

Update:2023-04-05 16:30 IST

image:@dhanamfile/canva

സാമൂഹിക മാധ്യമമായ ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയതോടെ അടിമുടി പൊളിച്ചെഴുതുന്ന മാറ്റങ്ങളാണ് ട്വിറ്റിറില്‍ അദ്ദേഹം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അവയെല്ലാം തന്നെ വലിയ ചര്‍ച്ചകളാണ്. ഇപ്പോള്‍ ട്വിറ്റിന്റെ പക്ഷിയുടെ ലോഗോ മാറ്റിക്കൊണ്ടാണ് ഇലോണ്‍ മസ്‌ക് പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. പകരം ഒരു നായയുടെ ലോഗോയാണ് മസ്‌ക് ട്വിറ്ററിന് നല്‍കിയത്. ട്രോള്‍ ചിത്രമായ 'ഡോഷ്' ആണ് പുതിയ ലോഗോ. ഷിബ ഇനു ഇനത്തില്‍പെട്ട നായയുടെ തലയാണ് ഡോഷ് എന്ന പേരില്‍ ട്രോളുകളിലുള്ളത്.

ഡോഷ്

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികളെ പരിഹസിക്കാന്‍ 2013 ല്‍ ഷിബ ഇനു നായയുടെ തല ലോഗോയാക്കി പുറത്തിറങ്ങിയ ഡോഷ്‌കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സിയില്‍ നിന്നാണ് ഡോഷ് എന്ന ട്രോള്‍ ഉണ്ടായത്. ഡോഷ്‌കോയിനെ ഇലോണ്‍ മസ്‌ക് പിന്തുണച്ചിരുന്നു. ട്വിറ്ററിന്റെ ലോഗോ മാറ്റത്തെത്തുടര്‍ന്ന് ഡോഷ്‌കോയിന്റെ വില കുതിച്ചുയര്‍ന്നു. 30 ശതമാനത്തിലധികമാണ് വില ഉയര്‍ന്നത്.

വാഗ്ദാനം ചെയ്തത് പോലെ

'വാഗ്ദാനം ചെയ്തത് പോലെ' എന്ന അടിക്കുറിപ്പോടെ ഒരും സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ പുതിയ ലോഗോ പ്രഖ്യാപിച്ചത്.

ട്വിറ്റര്‍ ലോഗോ മാറ്റി പകരം ഡോഷിന്റെ ചിത്രം ലോഗോ ആക്കിക്കൂടെ എന്നു കഴിഞ്ഞ മാസം ഒരാള്‍ ചോദിച്ചിരുന്നു. അങ്ങനെ ചെയ്യുമെന്ന് മസ്‌ക് ഉറപ്പും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോഗോയില്‍ മാറ്റം വരുത്തിയത്.

Tags:    

Similar News