മൈക്രോസോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇലോണ്‍ മസ്‌ക്
മൈക്രോസോഫ്റ്റിന്റെ പരസ്യ വിതരണ സംവിധാനത്തില്‍ നിന്ന് ട്വിറ്ററിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഈ ഭീഷണി
ട്വിറ്റര്‍ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് മൈക്രോസോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ഇലോണ്‍ മസ്‌ക് രംഗത്ത്.
ഒഴിവാക്കിയതിനെ തുടര്‍ന്ന്
മൈക്രോസോഫ്റ്റിന്റെ പരസ്യ വിതരണ സംവിധാനത്തില്‍ നിന്ന് ട്വിറ്ററിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഈ ഭീഷണിയുമായി മസ്‌ക് എത്തിയത്. ഡെവലപ്പര്‍മാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന ട്വിറ്ററിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫെയ്സിന് (എപിഐ) മസ്‌ക് ഫീസ് ഈടാക്കി തുടങ്ങിയതോടെയാണ് മൈക്രോസോഫ്റ്റ് ട്വിറ്റിനെ പരസ്യ സംവിധാനത്തില്‍ നിന്നും മാറ്റിയത്.
ട്രൂത്ത്ജിപിടി
ട്രൂത്ത്ജിപിടി എന്ന പേരില്‍ എഐ പ്ലാറ്റ്‌ഫോം പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം ഇലോണ്‍ മസ്‌ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ ഭാഗമായ ചാറ്റ്ജിപിടിയെയും ഗൂഗിളിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ഡിനെയും മസ്‌ക് വിമര്‍ശിച്ചിരുന്നു.
നുണ പറയാന്‍ പരിശീലനം ലഭിച്ച ചാറ്റ്ജിപിടിയെന്നാണ് മസ്‌ക് ഓപ്പണ്‍ എഐയെ വിശേഷിപ്പിച്ചത്. മൈക്രോസോഫ്റ്റുമായി സഹകരിച്ച് ലാഭത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതാണ് ഇതെന്നും അദ്ദേഹം പരാമര്‍ശിച്ചു. തന്റെ ട്രുത് ജിപിടി സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേര്‍ത്തു.