എട്ട് ക്രിപ്‌റ്റോ സര്‍വീസ് ആപ്പുകള്‍ക്ക് നിരോധനവുമായി ഗൂഗ്ള്‍: ഏതൊക്കെയാണെന്ന് അറിയാം
ആപ്ലിക്കേഷനുകള്‍ വ്യാജ വിവരങ്ങള്‍ നല്‍കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന എട്ട് ആപ്പുകള്‍ക്ക് നിരോധനവുമായി ഗൂഗ്ള്‍. ആപ്പുകള്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗൂഗ്‌ളിന്റെ നടപടി. ആപ്ലിക്കേഷനുകള്‍ വ്യാജ വിവരങ്ങള്‍ നല്‍കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഗൂഗ്ള്‍ അഭിപ്രായപ്പെട്ടു. ആപ്പുകള്‍ നല്‍കുന്ന ക്ലൗഡ് മൈനിംഗ് സേവനങ്ങള്‍ ഉപയോഗിച്ച് സമ്പന്നരാകമെന്ന പ്രതീക്ഷയിലാണ് പലരും ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്.
ബിറ്റ്ഫണ്ട്, ബിറ്റ്‌കോയ്ന്‍ മൈനര്‍, ബിറ്റ്‌കോയ്ന്‍ (ബിടിസി), ക്രിപ്‌റ്റോ ഹോളിക്, ഡയ്‌ലി ബിറ്റ്‌കോയ്ന്‍ റിവാര്‍ഡ്, ബിറ്റ്‌കോയ്ന്‍ 2021, മൈന്‍ബിറ്റ് പ്രൊ, എഥേറിയം എന്നീ ആപ്പുകളാണ് ഗൂഗ്ള്‍ നിരോധിച്ചത്. ഇവ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. അതേസമയം ഈ ആപ്പുകളുടെ സേവനം ലഭ്യമാക്കുന്നതിന് 14.99 മുതല്‍ 18.99 ഡോളര്‍ ഫീസും ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയിരുന്നു. ഫീസ് വാങ്ങുന്നതിനാല്‍ തന്നെ നല്‍കുന്ന വിവരങ്ങള്‍ വാസ്തവമായിരിക്കുമെന്ന് പ്രതീക്ഷിച്ചാണ് പലരും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തത്.
2021 ജൂലൈ മുതല്‍ 2021 ജൂലൈ വരെയായി 4500 ഓളം ഉപഭോക്താക്കളാണ് ഈ ആപ്പുകള്‍ ഉപയോഗിച്ചുവന്നിരുന്നത്. നേരത്തെ തന്നെ ഇവ നിരോധിക്കുമെന്ന് ഗൂഗ്ള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.