ആൻഡ്രോയ്ഡ് ഫോണുകളിലെ പരസ്യങ്ങള്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങി ഗൂഗിള്‍

പുതിയ സ്വകാര്യത ഫീച്ചര്‍ വരുന്നതോടെ ആപ്പുകള്‍ക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറാന്‍ സാധിക്കില്ല.

Update: 2022-02-17 09:00 GMT

പരസ്യങ്ങളുടെ നിയന്ത്രണം, ഉപഭോക്താക്കളുടെ സ്വകാര്യത എന്നിവ മുന്‍നിര്‍ത്തി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രൈവസി സാന്‍ഡ് ബോക്‌സ് എന്ന പുതിയ സംവിധാനം ഗൂഗിള്‍ കൊണ്ടുവരുന്നത്. സ്വകാര്യത സംരംക്ഷിക്കുന്നതിന് ആപ്പിള്‍ നല്‍കുന്ന പ്രാധാന്യമാണ് ഗൂഗിളിനെയും സ്വാധീനിച്ചത് എന്നാണ് വിലയിരുത്തല്‍.

ഉപഭോക്താക്കളുടെ ഡാറ്റ കൈമാറുന്നതിലൂടെയും പരസ്യങ്ങളിലൂടെയും വലിയ തുകയാണ് ഗൂഗിള്‍ നേടുന്നത്. പരസ്യങ്ങള്‍ക്ക് നിയന്ത്രണം വരുന്നതോടെ ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പടെ 
ആൻഡ്രോയ്ഡ്
 ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന പല ആപ്ലിക്കേഷനുകളുടെയും പരസ്യ വരുമാനം ഇടിയും. പുതിയ സ്വകാര്യത ഫീച്ചര്‍ വരുന്നതോടെ ആപ്പുകള്‍ക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറാന്‍ സാധിക്കില്ല. ആപ്പ് നിര്‍മാതാക്കള്‍ക്കും പരസ്യ കമ്പനികള്‍ക്കും ഉപഭോക്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം സ്വകാര്യ ഡാറ്റകള്‍ സംരംക്ഷിക്കാനും ഗൂഗിളിനാവുമെന്ന് മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് വ്യക്തമാക്കി.
ഓണ്‍ലൈന്‍ ഇടങ്ങളിലെ സ്വകാര്യതയെക്കുറിച്ച് സര്‍ക്കാരുകള്‍ ഉള്‍പ്പടെ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഗൂഗിളിന് മറ്റ് മാര്‍ഗങ്ങള്‍ ഇല്ല. ഇത് മുന്നില്‍ കണ്ട് പരസ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ഉപഭോക്തൃ സ്വകാര്യതയും മെച്ചപ്പെട്ട മൊബൈല്‍ ആപ്പ് ഇക്കോസിസ്റ്റവും വികസിപ്പിക്കുകയാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ആപ്പിള്‍ അവതരിപ്പിച്ച ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി സംവിധാനം 2022ല്‍ മാത്രം 10 ബില്യണ്‍ ഡോളറിന്റെ ബിസിനസ് ഇല്ലാതാക്കുമെന്ന് ഫേസ്ബുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൂഗിള്‍ കൂടി സ്വകാര്യത നയവുമായി എത്തുന്നതോടെ പല സ്ഥാപനങ്ങളുടെയും വളര്‍ച്ചയെ അത് ബാധിച്ചേക്കും.


Tags:    

Similar News