നിര്‍മിത ബുദ്ധി: ഐ.ബി.എമ്മില്‍ 7,800 തൊഴിലുകള്‍ ഇല്ലാതെയാകും

ഉപഭോക്തൃ സമ്പര്‍ക്കം ആവശ്യമുള്ള ജോലികളെ ബാധിക്കില്ല

Update:2023-05-02 17:15 IST

image: @canva.ibmfb

ആഗോള ഐ.ടി വമ്പനായ ഐ.ബി.എം നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി ജീവനക്കാരെ കുറക്കാന്‍ പദ്ധതിയിടുന്നു. ഭാവിയില്‍ നിര്‍മിത ബുദ്ധിക്ക് കൈകാര്യം ചെയ്യാവുന്ന ജോലികളില്‍ ജീവനക്കാരെ നിയമിക്കില്ലന്ന് കമ്പനി സി.ഇ.ഒ അരവിന്ദ് കൃഷ്ണ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഉപഭോക്താക്കളെ അഭിമുഖീകരിക്കേണ്ടതില്ലാത്ത 30 ശതമാനം ജോലികളാണ് നിര്‍മിത ബുദ്ധി കാരണം അടുത്ത അഞ്ച് വര്‍ഷത്തില്‍ ഐ.ബി.എമ്മില്‍ ഇല്ലാതെയാകുന്നത്. ഏകദേശം 26,000 ജീവനക്കാരാണ് ഇത്തരം ജോലികളുമായി ബന്ധപ്പെട്ട് ഐ.ബി.എമ്മിലുള്ളത്. ഇതില്‍ 7,800 ഓളം ജോലികള്‍ ഇത്തരത്തില്‍ ഇല്ലാതാക്കപ്പെടും.
എച്ച്.ആര്‍ ജോലികള്‍ കുറയും
മാനവ വിഭവ ശേഷി(ഹ്യൂമന്‍ റിസോഴ്‌സ്) വിഭാഗത്തിലെ തൊഴില്‍ അവസരങ്ങളെ ബാധിക്കും. ജീവനക്കാരുടെ രേഖകള്‍ തയ്യാറാക്കുക, തൊഴില്‍ സ്ഥിരീകരണ കത്തുകള്‍ തയ്യാറാക്കുക എല്ലാം നിര്‍മിത ബുദ്ധിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും.
ഈ വര്‍ഷം ആദ്യം കമ്പനി ജീവനക്കാരെ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 5,000 പേരെ ഒഴിവാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം ആദ്യ പാദത്തില്‍ 7,000 പേരെ പുതുതായി കമ്പനിയിലേക്ക് നിയമിക്കുന്നുമുണ്ട്. നിലവില്‍ 2,60,000 ജീവനക്കാരാണ് ഐ.ബി.എമ്മിലുള്ളത്.
യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ വരും വര്‍ഷങ്ങളില്‍ നിര്‍മിത ബുദ്ധി മൂലം 30 കോടി തൊഴിലുകള്‍ കുറയുമെന്ന് കരുതപ്പെടുന്നു.
Tags:    

Similar News