80.9% മുന്നേറി വെയറബിള്‍സ് കയറ്റുമതി ; ഒന്നാമന്‍ 'ബോട്ട്'
മൊത്തം കയറ്റുമതിയുടെ 41.4 ശതമാനവും സ്മാര്‍ട്ട് വാച്ചുകൾ, ആദ്യ 5 കമ്പനികളില്‍ നാലും ഇന്ത്യന്‍
2023 ജനുവരി-മാര്‍ച്ച് കാലയളവില്‍ 80.9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ഇന്ത്യ 2.51 കോടി 'വെയറബിള്‍' യൂണിറ്റുകള്‍ കയറ്റി അയച്ചതായി ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്റെ (ഐ.ഡി.സി) ഇന്ത്യ മന്ത്ലി വെയറബിള്‍ ഡിവൈസ് ട്രാക്കര്‍ റിപ്പോര്‍ട്ട്. ഇയര്‍വെയര്‍ വിഭാഗം 48.5 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. സ്മാര്‍ട്ട് വാച്ചുകളുടെ വിഹിതം മുന്‍ വര്‍ഷത്തെ 26.8 ശതമാനത്തില്‍ നിന്ന് 41.4 ശതമാനമായി വര്‍ധിച്ചു.
മുന്നില്‍ 'ബോട്ട്'
ആഭ്യന്തര കമ്പനിയായ 'ബോട്ട്' 25.6 ശതമാനം വിപണി വിഹിതവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനി 102.4 ശതമാനം വളര്‍ച്ച നേടി. കമ്പനിയുടെ മൊത്തത്തിലുള്ള കയറ്റുമതിയുടെ 28.3 ശതമാനവും സ്മാര്‍ട്ട് വാച്ച് വിഭാഗമാണ്. 12.4 ശതമാനം വിപണി വിഹിതവുമായി 'ഫയര്‍-ബോള്‍ട്ട്' രണ്ടാം സ്ഥാനത്താണ്. 28.6 ശതമാനം വിഹിതവുമായി ഇതിന്റെ സ്മാര്‍ട്ട് വാച്ച് വിഭാഗം മുന്നിലാണ്. 2022-ലെ 3.07 കോടിയില്‍ നിന്ന് 2023-ല്‍ സ്മാര്‍ട്ട് വാച്ച് വിപണി 5 കോടി യൂണിറ്റുകള്‍ കടക്കുമെന്ന് ഐ.ഡി.സി ഇന്ത്യ ക്ലയന്റ് ഡിവൈസസ് റിസര്‍ച്ച് മാനേജര്‍ ഉപാസന ജോഷി പറഞ്ഞു.
ആദ്യ 5ല്‍ നാലും ഇന്ത്യന്‍
മൊത്തത്തിലുള്ള വെയറബിളുകളില്‍ 11.9 ശതമാനം വിപണി വിഹിതവുമായി 'നോയ്സ്' ആണ് മൂന്നാം സ്ഥാനത്ത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ കമ്പനി 97.3 ശതമാനം വളര്‍ച്ച നേടി. 9.3 ശതമാനം വിപണി വിഹിതവുമായി 'ബോള്‍ട്ട് ഓഡിയോ' നാലാം സ്ഥാനത്തും. ആദ്യ അഞ്ച് വെയറബിള്‍ ബ്രാന്‍ഡ് കമ്പനികളില്‍ നാലും ഇന്ത്യന്‍ കമ്പനികളാണ്. സാമാര്‍ട്ട് ഫോണുകളിലില്ലാത്ത ആധിപത്യമാണ് വെയറബിള്‍സ്, സ്മാര്‍ട്ട് വാച്ച് ശ്രേണികളില്‍ ഇന്ത്യന്‍ കമ്പനികള്‍ കാഴ്ചവയ്ക്കുന്നത്.
ആദ്യ അഞ്ച് വെയറബിള്‍ ബ്രാന്‍ഡുകളില്‍ ഇടം നേടിയ ഒരേയൊരു വിദേശ കമ്പനി 'ഓപ്പോ' (വണ്‍പ്ലസ് ഉള്‍പ്പെടെ) ആണ്. 4.7 ശതമാനം വിപണി വിഹിതവുമായി ഇത് അഞ്ചാം സ്ഥാനത്തെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.