ജനുവരിയില്‍ ടെക് പ്രേമികളെ കാത്തിരിക്കുന്നത് ഒട്ടേറെ പുത്തന്‍ സ്മാര്‍ട്ട്ഫോണുകള്‍
അതിശക്തമായ പ്രോസസറുകൾ മുതല്‍ നൂതനമായ ഡിസൈന്‍ ഫീച്ചറുകളും വരെ വരാനിരിക്കുന്ന ഈ ഫോണുകളിലുണ്ടാകും
പുതുവര്‍ഷത്തില്‍ ടെക് പ്രേമികളെ കാത്തിരിക്കുന്നത് പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍. 2024 ജനുവരിയില്‍ വിവിധ കമ്പനികള്‍ അത്യാധുനിക സാങ്കേതികവിദ്യകളുമായെത്തുന്ന സ്മാര്‍ട്ടഫോണുകള്‍ പുറത്തിറക്കും. അതിശക്തമായ പ്രോസസറുകളും അത്യാധുനിക ക്യാമറ സംവിധാനങ്ങളും മുതല്‍ നൂതനമായ ഡിസൈന്‍ ഫീച്ചറുകളും തകര്‍പ്പന്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളും വരെ ഈ ഫോണുകളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാംസംഗ് ഗാലക്‌സി എസ്24 അള്‍ട്ര
സാംസംഗ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാലക്‌സി എസ്24 അള്‍ട്ര അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങും. ഗാലക്‌സി എസ്23 അള്‍ട്രയുടെ പിന്‍ഗാമി എന്ന നിലയിലെത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ 2024 ജനുവരി 17ന് കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന. കിടിലന്‍ ക്യാമറ ഫീച്ചറുകളുമായെത്തിയെ മോഡല്‍ ആയിരുന്നു സാംസംഗ് ഗാലക്‌സി എസ്23 അള്‍ട്ര. ഇതിലും മികച്ച ക്യാമറ, അത്യാധുനിക സാങ്കേതികവിദ്യ, ആകര്‍ഷകമായ രൂപകല്‍പ്പന, ശക്തമായ പ്രോസസര്‍, അതിശയകരമായ ഡിസ്‌പ്ലേ എന്നിവയാണ് ഗാലക്‌സി എസ്24 അള്‍ട്രയില്‍ പ്രതീക്ഷിക്കുന്നത്.
വണ്‍പ്ലസ് 12
അടുത്ത മാസം വിപണിയിലെത്തുന്ന മറ്റൊരു സ്മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ് 12. ഇത് ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പുമായാണ് എത്തുന്നതെന്ന് സൂചനയുണ്ട്. മാത്രമല്ല സോണി എല്‍.വൈ.ടി-808 സെന്‍സറുള്ള ഹാസല്‍ബ്ലാഡ്-ട്യൂണ്‍ ചെയ്ത പിന്‍ ക്യാമറ സജ്ജീകരണവും ഇതിലുണ്ടാകും. വണ്‍പ്ലസ് 12 സ്മാര്‍ട്ട്‌ഫോണ്‍ നിലവില്‍ ചൈനയില്‍ ലഭ്യമാണ്. 24ജിബി വരെ റാമും ഒരു ടിബി വരെ സ്റ്റോറേജും ഇതിനുണ്ട്.
റെഡ്മി നോട്ട് 13 പ്രോ
ഷവോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണായ റെഡ്മി 13 പ്രോ, റെഡ്മി 13 പ്രോ+ എന്നിവ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും. കമ്പനിയുടെ ഈ രണ്ട് സ്മാര്‍ട്ട്ഫോണുകളും 2024 ജനുവരിയില്‍ രാജ്യത്ത് എത്തും. റെഡ്മി 12 പ്രോയുടെ വില കണക്കിലെടുക്കുമ്പോള്‍ റെഡ്മി 13 പ്രോയ്ക്ക് ഇന്ത്യയില്‍ 23,000 രൂപയും റെഡ്മി 13 പ്രോ പ്ലസിന്റെ വില ഏകദേശം 30,000 രൂപയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.