ടെക് കമ്പനികള്‍ക്ക് ഉണര്‍വേകി മൈക്രോസോഫ്റ്റും ഗൂഗ്‌ളും

കഴിഞ്ഞ പാദത്തില്‍ ഇരു കമ്പനികളുടേയും വരുമാനം മെച്ചപ്പെട്ടു

Update:2023-04-26 15:02 IST

ടെക്‌നോളജി രംഗത്തെ വമ്പന്‍മാരായ മൈക്രോസോഫ്റ്റിന്റെയും ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെയും ബിസിനസ് കഴിഞ്ഞ പാദത്തില്‍ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ബിസിനസില്‍ നിന്നുള്ള വരുമാനം 2023 ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ 16 ശതമാനം ഉയര്‍ന്നു. കോവിഡ് 19 ന്റെ കാലത്ത് കമ്പനികള്‍ ഡിജിറ്റല്‍ വിഭാഗം ശക്തിപ്പെടുത്താന്‍ കൂടുതല്‍ പണം ചെലവഴിച്ചിരുന്നു. അതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനികള്‍ ചെലവഴിക്കല്‍ കുറച്ചിട്ടുണ്ട്. ഇത് മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള കമ്പനികളെ ബാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം വളര്‍ച്ച നേടാനായി.

ഗൂഗ്‌ളിന്റെ സെര്‍ച്ച് പരസ്യ ബിസിനസ് രണ്ടു ശതമാനം വളര്‍ച്ചയാണ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തില്‍ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണിത്.

മൈക്രോസോഫ്റ്റിന്റെ വരുമാനം 4.33 ലക്ഷം കോടി

മൈക്രോസോഫ്റ്റിന്റെ മൊത്ത വരുമാനം 5,290 കോടി ഡോളര്‍(4.33 ലക്ഷം കോടി രൂപ) ആയി. 5,100 ഡോളറായിരുന്നു(4.17 ലക്ഷം കോടി രൂപ) പ്രതീക്ഷിച്ചിരുന്നത്. ലാഭം ഒമ്പത് ശതമാനം ഉയര്‍ന്ന് 1,830 കോടി ഡോളറായി(1.49 ലക്ഷം കോടി രൂപ). 1,660 കോടി ഡോളറായിരുന്നു പ്രതീക്ഷ. 7,000 കോടി ഡോളറിന്റെ ഓഹരി ബൈബാക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ആല്‍ഫബെറ്റിന്റേത് 5.71 ലക്ഷം കോടി രൂപ

ആല്‍ഫബെറ്റിന്റെ വരുമാന വളര്‍ച്ച മൂന്ന് ശതമാനമാണ്. മൊത്തം വരുമാനം 6,980 കോടി ഡോളറായി(5.71 ലക്ഷം കോടി രൂപ). 6,890 കോടി ഡോളറാ(5.64 ലക്ഷം കോടി രൂപ) യിരുന്നു വാള്‍സ്ട്രീറ്റ് പ്രതീക്ഷിച്ചിരുന്നത്. ലാഭം മുന്‍ വര്‍ഷത്തെ 1,644 കോടി ഡോളറില്‍ നിന്ന്് 1,505 കോടി ഡോളറായി കുറഞ്ഞു. പരസ്യ വരുമാനത്തിലും ചെറിയ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ പരസ്യ മേഖല സുസ്ഥിരമായൊരു വളര്‍ച്ചയിലേക്കു നീങ്ങുകയാണെന്നാണ് കരുതുന്നത്.

ഓഹരി വിലയിലും ഉണര്‍വ്

ടെക് ഭീമന്മാരുടെ ഒന്നാം പാദ ഫലം മെച്ചപ്പെട്ടത് ഓഹരി വിലയിലും മറ്റ് ടെക്‌നോളജി കമ്പനികളിലും ഉണര്‍വുണ്ടാക്കി. ആല്‍ഫബെറ്റിന്റെ ഓഹരി വില ചൊവ്വാഴ്ച നാല് ശതമാനം ഉയര്‍ന്ന ശേഷം 1.2 ശതമാനമായി താഴ്ന്നു.

ആമസോണിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഗൂഗ്‌ളിന്റെ വരുമാനം മെച്ചപ്പെട്ടെന്ന വാര്‍ത്ത് ഫേസ് ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഓഹരി വിലയില്‍ രണ്ടു ശതമാനം ഉയര്‍ച്ചയുണ്ടാക്കി.

ചെലവ് കുറയ്ക്കല്‍ സഹായിച്ചു

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇരു കമ്പനികളും കഴിഞ്ഞ പാദത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. ജനുവരിയില്‍ മൈക്രോസോഫ്റ്റ് 10,000 ജീവനക്കാരെയാണ് വെട്ടിക്കുറച്ചത്. മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനം വരുമിത്. അതേ സമയം ആല്‍ഫബെറ്റ് 12,000 ത്തോളം ജീവനക്കാരെയും കുറച്ചിരുന്നു.

Tags:    

Similar News