ജുഗല്‍ബന്ദി: ഗ്രാമങ്ങള്‍ക്കായൊരു എ.ഐ ചാറ്റ്‌ബോട്ട്

മലയാളം ഉള്‍പ്പെടെ 10 ഇന്ത്യന്‍ ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാക്കും

Update:2023-05-25 17:59 IST

Image : jugalbandi.ai

ഇന്ത്യയിലെ ചെറുഗ്രാമങ്ങളിലേക്കും കടന്നു ചെല്ലുകയാണ് നിര്‍മിത ബുദ്ധി അധിഷ്ഠിത ചാറ്റ് ബോട്ടുകള്‍. എ.ഐ സ്ഥാപനമായ ഓപ്പണ്‍ എന്‍.വൈ.എ.ഐ, എ14 ഭാരത് എന്നിവരുമായി ചേര്‍ന്ന് രാജ്യത്തെ ഗ്രാമപ്രദേശത്തുള്ളവര്‍ക്കായി ജുഗല്‍ബന്ദി എന്ന ഐ.ഐ ചാറ്റ് ബോട്ട് അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്.

മൊബൈലില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. വാട്ട്‌സാപ്പ് വഴിയാണ് ജുഗല്‍ബന്ദി ചാറ്റ് ബോട്ട് പ്രവര്‍ത്തിക്കുക. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ച് അറിയാനും പ്രയോജനപ്പെടുത്താനും ഗ്രാമങ്ങളിലുള്ളവര്‍ക്കു പോലും സാധ്യമാക്കാനാണ് ജുഗല്‍ബന്ദി ചാറ്റ് ബോട്ട് പുറത്തിറക്കിയിരിക്കുന്നത്. ടെലിവിഷനോ പത്രങ്ങളോ എത്താത്ത സ്ഥലങ്ങളില്‍ പോലും മൊബൈലുകള്‍ ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തി ഗ്രാമങ്ങളിലുള്ളവരിലേക്ക് കൂടുതല്‍ സേവനങ്ങള്‍ എത്തിക്കാനാണ് ശ്രമം.
കര്‍ഷകര്‍ക്കും പ്രയോജനം
ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താനാകുന്ന സൗജന്യ, ഓപ്പണ്‍ ചാറ്റ് ബോട്ടാണ് ജുഗല്‍ബന്ദി. കഴിഞ്ഞ ഏപ്രിലില്‍ ബിവാനി ഗ്രാമത്തിലാണ് ജുഗല്‍ബന്ദി ആദ്യം അവതരിപ്പിച്ചത്. മലയാളം ഉള്‍പ്പെടെ 10 ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും. ടെക്സ്റ്റ് ആയോ വോയിസായോ ഉത്തരങ്ങള്‍ നല്‍കാനും സാധിക്കും. നിലവില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ വഴി ഗ്രാമപ്രദേശങ്ങളില്‍ ഇത് പരിചയപ്പെടുത്തുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളെ കുറിച്ചറിയാനും കര്‍ഷകര്‍ക്ക് അവര്‍ക്ക് ലഭ്യമാക്കാവുന്ന വിവിധ പദ്ധതികളെ കുറിച്ചുമൊക്കെ ചോദിച്ചു മനസിലാക്കാന്‍ ജുഗല്‍ബന്ദി സഹായിക്കും.
സര്‍ക്കാരിന്റെ അമ്പതോളം പദ്ധതികള്‍ നിയമങ്ങള്‍, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെകുറിച്ചൊക്കെ ജുഗല്‍ബന്ധി പറഞ്ഞു തരും. ഉപയോക്താക്കളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിഗത ഏജന്റിനെ പോലെ ജുഗല്‍ബന്ധി പ്രവര്‍ത്തിക്കുമെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്.
Tags:    

Similar News