ഗൂഗിള്‍ സെര്‍ച്ചിനെ കടത്തി വെട്ടാന്‍ സെര്‍ച്ച് ജി.പി.ടി യുമായി ഓപ്പണ്‍ എ.ഐ

സെര്‍ച്ച് എഞ്ചിന്‍ മേഖലയില്‍ മത്സരം കടുക്കുന്നു

Update:2024-07-26 17:38 IST

Image Courtesy: Canva

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പണ്‍ എ.ഐ. തിരയുന്ന വിവരങ്ങള്‍ക്ക് അനുസരിച്ച് വെബ്സൈറ്റ് ലിങ്കുകള്‍ നിര്‍ദേശിക്കുന്നതു കൂടാതെ ഉപയോക്താവിന്റെ സംശയങ്ങള്‍ക്ക് അനുസരിച്ച് വിഷയങ്ങള്‍ ക്രോഡീകരിച്ചു സംഗ്രഹം നല്‍കാനും സെര്‍ച്ച് ജി.പി.ടിക്ക് സാധിക്കും. ആദ്യം ആരാഞ്ഞ ചോദ്യത്തിന് തുടര്‍ച്ചയായി അധിക വിവരങ്ങള്‍ തേടാനും ഇതിലൂടെ സാധിക്കും.
നിലവില്‍ തിരഞ്ഞെടുത്ത ആളുകള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നു
നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് സെര്‍ച്ച് ജി.പി.ടി അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാനും ഉപയോഗിക്കാനുമുളള അവസരമാണ് കമ്പനി നല്‍കിയിരിക്കുന്നത്. സെര്‍ച്ച് ജി.പി.ടി യിലുളള സവിശേഷതകള്‍ വരും ദിനങ്ങളില്‍ ചാറ്റ് ജി.പി.ടി യില്‍ കൊണ്ടുവരാനും കമ്പനി ആലോചിക്കുന്നുണ്ട്.
ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങള്‍ എ.ഐ യുടെ സഹായത്തോടെ ഉപയോക്താവിന് ലഭ്യമാക്കുകയാണ് സെര്‍ച്ച് ജി.പി.ടി ചെയ്യുന്നത്. ഇന്റര്‍നെറ്റിലെ വെബ് സെര്‍ച്ച് മേഖലയില്‍ വലിയ ആധിപത്യം പുലര്‍ത്തുന്നത് ഗൂഗിളാണ്. ഗൂഗിള്‍ സെര്‍ച്ച്, മൈക്രോസോഫ്റ്റിന്റെ ബിംഗ്, ആമസോണിലും എന്‍വിഡിയയിലും ലഭ്യമാകുന്ന പെര്‍പ്ലെക്‌സിറ്റി എ.ഐ സെര്‍ച്ച് ബോട്ട് തുടങ്ങിയവയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കും സെര്‍ച്ച് ജി.പി.ടി എന്നാണ് വിലയിരുത്തുന്നത്.
മറ്റു കമ്പനികളും ഓപ്പണ്‍ എ.ഐ യുടെ പാതയില്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഓപ്പണ്‍ എ.ഐ കൊണ്ടുവരുന്ന നൂതന പ്രവണതകളെ നേരിടാന്‍ ഗൂഗിള്‍ അടക്കമുളള കമ്പനികള്‍ വന്‍ തയാറെടുപ്പുകളാണ് നടത്തുന്നത്. ബിംഗ് സെര്‍ച്ച് അടക്കമുളള വിവിധ സെര്‍ച്ച് എഞ്ചിന്‍ കമ്പനികള്‍ എ.ഐ അധിഷ്ടിത സവിശേഷതകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനുളള ശ്രമങ്ങളിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് അനുസരിച്ച് സംഗ്രഹം നല്‍കുന്ന സവിശേഷത അടുത്തു തന്നെ ലഭ്യമാക്കാനുളള ഒരുക്കത്തിലാണ് ഗൂഗിള്‍.
സെര്‍ച്ച് എഞ്ചിന്‍ വിപണിയിലെ 90 ശതമാനവും ഗൂഗിളാണ് കൈയടക്കിയിരിക്കുന്നത്. പുതിയ സാങ്കേതിക സവിശേഷതകളുമായി മറ്റു കമ്പനികള്‍ എത്തുന്നതു മൂലം ഗൂഗിളിൻ്റെ ഈ മേഖലയിലെ ആധിപത്യത്തിന് ഇടിവ് സംഭവിക്കാനിടയുണ്ട്. സെര്‍ച്ച് ജി.പി.ടി യുടെ അവതരണത്തിനു പിന്നാലെ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ഓഹരിയില്‍ 3 ശതമാനം ഇടിവ് നേരിട്ടിരുന്നു.
Tags:    

Similar News