മാനസിക പീഡനം, ടെലികോം കമ്പനി വക, വയോധികന് 50,000 രൂപ നഷ്ടപരിഹാരം
മൊബൈൽ സേവനങ്ങൾ പെട്ടെന്ന് വിച്ഛേദിക്കുകയും അന്താരാഷ്ട്ര റോമിംഗ് പാക്ക് ഡാറ്റ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തു
ടെലികോം സേവന ദാതാക്കളില്‍ നിന്ന് ചിലപ്പോള്‍ ഉപയോക്താക്കള്‍ക്ക് മോശം അനുഭവം ഉണ്ടാകാറുണ്ട്. ടെലികോം കമ്പനികളുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുമ്പോള്‍ ചില അവസരങ്ങളില്‍ വലിയ തിക്താനുഭവങ്ങള്‍ നേരിടുന്നത് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കാറുമുണ്ട്.
ഇത്തരത്തില്‍ വോഡഫോണ്‍ ഐഡിയയില്‍ നിന്നുണ്ടായ മോശം അനുഭവത്തിന്റെ പേരില്‍ ഉപയോക്തൃ കോടതിയെ സമീപിച്ച് നഷ്ട പരിഹാരം നേടിയിരിക്കുകയാണ് മുംബൈ സ്വദേശിയായ ഒരു മുതിര്‍ന്ന പൗരന്‍.
സംഭവം ഇങ്ങനെ
മൊബൈൽ സേവനങ്ങൾ പെട്ടെന്ന് വിച്ഛേദിക്കുകയും അന്താരാഷ്ട്ര റോമിംഗ് ഡാറ്റ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
2019 മെയ് 2 മുതൽ 28 ദിവസത്തേക്കാണ് തന്റെ മൊബൈൽ നമ്പറിൽ മുംബൈ നിവാസിയായ പരാതിക്കാരന്‍ ഇന്റർനാഷണൽ റോമിംഗ് പാക്ക് തിരഞ്ഞെടുത്തത്. സിംബാബ്‌വെയിലെ വിക്ടോറിയ സന്ദർശന വേളയിൽ അദ്ദേഹം മൊബൈലിലെ ഡാറ്റാ ഉപയോഗിക്കുകയും ചെയ്തു. ഈ പ്രദേശം ഡാറ്റാ പാക്കിന് കീഴിലാണ് എന്നാണ് അദ്ദേഹം കരുതിയത്.
വിക്ടോറിയ വെള്ളച്ചാട്ടമുളള പ്രദേശം ഇന്റർനാഷണൽ റോമിംഗ് പാക്കില്‍ ഉൾപ്പെടുന്നില്ലെന്ന് അറിയിച്ച് വോഡഫോണ്‍ ഐഡിയയില്‍ നിന്ന് ഒരു സന്ദേശവും ഇദ്ദേഹത്തിന് ലഭിച്ചില്ല.
കനത്ത ബില്‍ നല്‍കി
എന്നാല്‍ മൊബൈൽ ഫോൺ സേവനം വോഡഫോൺ ഐഡിയ പെട്ടെന്ന് നിർത്തുകയും അകാരണമായി 72,419 രൂപയുടെ ഭാരിച്ച ബില്‍ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് 40 ദിവസത്തോളം സർവീസിൽ നിന്ന് വിട്ടുനിന്ന ശേഷം ജി.എസ്.ടി ഉൾപ്പെടെ 86,290 രൂപ ബിൽ അടച്ചതിന് ശേഷമാണ് കണക്ഷന്‍ പുനഃസ്ഥാപിച്ചു നല്‍കിയത്. ബാധകമായ റോമിംഗ് ചാർജുകളെ കുറിച്ച് പരാതിക്കാരനെ കമ്പനി മുൻകൂട്ടി അറിയിച്ചില്ലെന്ന് സെൻട്രൽ മുംബൈ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി.
പരാതിക്കാരന് ഉണ്ടായ അസൗകര്യവും മാനസികവും സാമ്പത്തികവുമായ ഉപദ്രവങ്ങളും കണക്കിലെടുത്ത് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നും കോടതി അറിയിച്ചു. 50,000 രൂപ വോഡഫോണ്‍ ഐഡിയ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്.