അടിമുടി ദുരൂഹം ടെലഗ്രാം, കുറ്റവാളികള്‍ ദുരുപയോഗം ചെയ്യുന്ന ഫീച്ചറുകള്‍ നിര്‍ത്തലാക്കി

നിയമാനുസൃതമായ ബിസിനസുകൾ പ്രദർശിപ്പിക്കാന്‍ സാധിക്കുന്ന "ബിസിനസസ് നിയര്‍ബൈ" എന്ന പുതിയ ഫീച്ചര്‍ ആരംഭിക്കാനാണ് ആപ്പിന്റെ പദ്ധതി

Update:2024-09-09 13:16 IST

Image Courtesy: Canva

ഓഗസ്റ്റില്‍ ഫ്രാന്‍സില്‍ അറസ്റ്റിലായ ടെലഗ്രാം സ്ഥാപകനും സി.ഇ.ഒയുമായ പവൽ ഡുറോവിനെ ഒരാഴ്ച മുമ്പാണ് വിട്ടയച്ചത്. കുറ്റവാളികള്‍ ദുരുപയോഗം ചെയ്യുന്ന ഫീച്ചറുകള്‍ നിര്‍ത്തലാക്കുന്നതായി ടെലഗ്രാം അറിയിച്ചു. ജയില്‍ മോചിതനായ ശേഷം ആപ്പില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതായുളള ഡുറോവിന്റെ ആദ്യ പ്രഖ്യാപനമാണിത്. അയഞ്ഞ മോഡറേഷൻ നയങ്ങളുടെ ഫലമായി ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ടെലഗ്രാം മാറുന്നുവെന്ന ആരോപണങ്ങള്‍ക്കിടിയിലാണ് ഡുറോവിന്റെ അറസ്റ്റ് ഉണ്ടാകുന്നത്.
ടെലഗ്രാമില്‍ നിയമ വിരുദ്ധമായ ഇടപാടുകൾ നടക്കുന്നുണ്ടെന്നും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കണ്ടന്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

പീപ്പിൾ നെയർബൈ ഫീച്ചര്‍ നിര്‍ത്തലാക്കി

ടെലഗ്രാമിന്റെ ഉപയോക്താക്കളുടെ എണ്ണം 950 മില്ല്യണിലേക്ക് പെട്ടെന്നാണ് വർധിച്ചത്. ഇത് ഞങ്ങളുടെ പ്ലാറ്റ്‌ഫോം കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നതിന് ഇടയാക്കി. 99.9 ശതമാനം ടെലഗ്രാം ഉപയോക്താക്കൾക്കും കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെങ്കിലും, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 0.001 ശതമാനം ആളുകള്‍ പ്ലാറ്റ്‌ഫോമിന് മോശം പ്രതിച്ഛായയാണ് സൃഷ്ടിക്കുന്നതെന്ന് ഡുറോവ് പറഞ്ഞു.

വ്യാജ വെബ്‌സൈറ്റ് ലാൻഡിംഗ് പേജുകളും കബളിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി ഉപയോക്താക്കളെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് പ്രേരിപ്പിക്കുന്ന ഫിഷിംഗ് പ്രവര്‍ത്തനങ്ങളും നടത്താന്‍ ക്രിമിനലുകള്‍ ടെലഗ്രാം ഉപയോഗിക്കുന്നതായി സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രധാന മാറ്റം ടെലഗ്രാം അതിന്റെ പീപ്പിൾ നെയർബൈ ഫീച്ചര്‍ നീക്കം ചെയ്‌തതാണ്. നിങ്ങളുടെ പ്രദേശത്തുള്ള മറ്റു ഉപയോക്താക്കളെ കണ്ടെത്താനും സന്ദേശമയയ്‌ക്കാനും യൂസേഴ്സിനെ അനുവദിക്കുന്ന സവിശേഷതയാണ് ഇത്. ബോട്ടുകളും സ്‌കാമർമാരും ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ദുറോവ് സമ്മതിച്ചു.

ബിസിനസസ് നിയര്‍ബൈ ഫീച്ചര്‍

അജ്ഞാതമായി ഒരു പോസ്റ്റ് ആര്‍ക്കു വേണമെങ്കിലും സൃഷ്‌ടിക്കാനും മീഡിയ അപ്‌ലോഡ് ചെയ്യാനും തുടർന്ന് സമൂഹ മാധ്യമങ്ങളിലോ ടെലഗ്രാമിലോ വെബ്‌പേജ് പങ്കിടാനും അനുവദിക്കുന്ന ടെലഗ്രാഫ് 2016 ലാണ് ആരംഭിക്കുന്നത്. ടെലഗ്രാമിന്റെ പ്രത്യക ബ്ലോഗിംഗ് ടൂളായ ടെലഗ്രാഫിലെ മീഡിയ അപ്‌ലോഡ്സ് ഫീച്ചറും പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. കുറ്റവാളികള്‍ ഇത് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
പണമടച്ച് ഉപയോഗിക്കാവുന്ന ടെലഗ്രാം പ്രീമിയം 10 ദശലക്ഷം ആളുകളാണ് ഉപയോഗിക്കുന്നത്. നെയർബൈ ഫീച്ചറിനു പകരമായി നിയമാനുസൃതവും പരിശോധിച്ചുറപ്പിച്ചതുമായ ബിസിനസുകൾ പ്രദർശിപ്പിക്കാന്‍ സാധിക്കുന്ന "ബിസിനസസ് നിയര്‍ബൈ" എന്ന പുതിയ ഫീച്ചര്‍ ആരംഭിക്കാനാണ് ആപ്പിന്റെ പദ്ധതി.
ഈ ഫീച്ചറിന് ബിസിനസ് സംബന്ധമായ കാറ്റലോഗുകൾ പ്രദർശിപ്പിക്കാനും സുഗമമായി പേയ്‌മെന്റുകൾ സ്വീകരിക്കാനും സാധിക്കും.
Tags:    

Similar News