സൂക്ഷിക്കുക, ഈ ആപ്പുകള്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തും

മൂന്ന് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍

Update:2021-10-16 15:54 IST

ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്ന് മൊബീല്‍ ആപ്ലിക്കേഷനുകള്‍ കൂടി ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ നീക്കം ചെയ്തു. നേരത്തെ ഇതേ കാരണത്താല്‍ 150 ലേറെ ആപ്പുകള്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് ഈ നടപടി.

ഫോട്ടോ എഡിറ്റിംഗ് ആപ്പ് ആയ മാജിക് ഫോട്ടോ ലാബ്, ഫോട്ടോ ബാക്ക് ഗ്രൗണ്ട് എഡിറ്റര്‍ ആയ ബ്ലെന്‍ഡര്‍ ഫോട്ടോ എഡിറ്റര്‍, പിക്‌സ് ഫോട്ടോ മോഷന്‍ എഡിറ്റ് 2021 എന്നിവ നീക്കം ചെയ്ത ഗൂഗ്ള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഈ ആപ്പുകള്‍ ഫേസ്ബുക്ക് ലോഗിന്‍ ഓപ്ഷന്‍ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതു വഴി സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ ഉപയോക്താവിനെ സംബന്ധിച്ച വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തുന്നുവെന്നതാണ് ആക്ഷേപം ഉയര്‍ന്നത്.
ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും നിലവില്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാം. ഈ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് വിദഗ്ധര്‍ പറയുന്നു.
ഏതൊരു ആപ്ലിക്കേഷനും നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് യൂസര്‍ റേറ്റിംഗും കമന്റുകളും പരിശോധിക്കുന്നതിലൂടെ ഇത്തരം ആപ്പുകളെ ചെറുക്കാനാകും. പ്രമുഖ ആപ്ലിക്കേഷനുകളെ അനുകരിച്ച് പേരില്‍ ചെറിയ മാറ്റം വരുത്തി വരുന്ന ആപ്പുകളെയും സൂക്ഷിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.


Tags:    

Similar News