വിളിക്കുന്നവരുടെ പേര് ഇനി ഫോണില്‍ തെളിയും; ട്രൂകോളര്‍ ഒഴിവാക്കാം

ട്രൂകോളര്‍ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്ക് തീരുമാനം തിരിച്ചടിയാണ്

Update:2022-05-21 14:59 IST

വിളിക്കുന്നവരുടെ പേര് ഫോണില്‍ തെളിഞ്ഞുവരുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ടെലികോം മന്ത്രാലയം. ഇതു സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ട്രായിയോട് (ടെലികോം റെഗുലേറ്ററി അതോറിറ്റി) മന്ത്രാലയം ആവശ്യപ്പെട്ടു. സിം കാര്‍ഡ്‌ ഉടമയുടെ പേരാവും ഫോണ്‍ വിളിക്കുമ്പോള്‍ സ്‌ക്രീനില്‍ ദൃശ്യമാവുക.

ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ട്രായി ചെയര്‍മാന്‍ പിഡി വഗേല അറിയിച്ചു. നിലവില്‍ ഉപഭോക്താക്കളുടെ കോണ്‍ടാക്ട് ലിസ്റ്റിലെ വിവരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രൂകോളര്‍ ഉള്‍പ്പടെയുള്ള ആപ്പുകള്‍ സമാനമായ സേവനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ കൃത്യതയും സ്വകാര്യതയും ഇല്ല എന്നത് ഇത്തരം ആപ്പുകളുടെ ഒരു പോരായ്മയാണ്.
കൂടാതെ സ്വകാര്യത സംബന്ധിച്ച ഭീഷണിയും ഈ ആപ്പുകള്‍ ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിം കാര്‍ഡ് ഉടമയുടെ പേര് ഫോണ്‍ വിളിക്കുന്ന സമയത്ത് ദൃശ്യമാകുന്ന സംവിധാനം ഒരുക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്. കോളര്‍ ഐഡി സേവനം ട്രായി അവതരിപ്പിക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇത്തരം ആപ്പുകള്‍ ഫോണില്‍ നിന്ന് ഒഴിവാക്കാം. മൊബൈല്‍ ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കും സ്പാം കോളുകള്‍ക്കും തടയിടാന്‍ മന്ത്രാലയത്തിന്റെ നടപടി ഉപകരിക്കും എന്നാണ് വിലയിരുത്തല്‍.
അതേ സമയം ട്രൂകോളര്‍ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്ക് മന്ത്രാലത്തിന്റെ തീരുമാനം തിരിച്ചടിയാണ്. 2021ലെ കണക്ക് അനുസരിച്ച് ട്രൂകോളറിന് ഇന്ത്യയില്‍ 220 മില്യണോളം പ്രതിമാസ സജീവ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്.



Tags:    

Similar News