'വിളിക്കുന്നയാളുടെ പേര് ഫോണില്‍ പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യത കളയും'

തിരിച്ചറിയാന്‍ ആഗ്രഹിക്കാത്ത വ്യക്തികള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഐഎഎംഎഐ

Update: 2023-02-10 08:46 GMT

Photo : Canva

ഉപഭോക്താക്കള്‍ കോളുകള്‍ സ്വീകരിക്കുമ്പോള്‍ വിളിക്കുന്നയാളുടെ പേര് ഫോണ്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സേവന ദാതാക്കളോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (Trai) ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ തീരുമാനം ആളുകളുടെ സ്വകാര്യത കളയുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (IAMAI) അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ വിളിക്കുന്ന ആളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കാത്ത വ്യക്തികള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുകയും ദുര്‍ബലരായ ജനവിഭാഗങ്ങളില്‍ പെട്ട ആളുകളെ ഉപദ്രവത്തിന് വിധേയരാക്കുകയും ചെയ്യുമെന്ന് ഐഎഎംഎഐ പറഞ്ഞു. മാത്രമല്ല ഇത്തരമൊരു രീതി നടപ്പിലാക്കുന്നതിന് വലിയ ചെലവ് വരുമെന്നും സംഘടന പറഞ്ഞു.

വ്യാജ കോളുകള്‍ തടയുക 

വ്യാജ കോളുകള്‍ ഇല്ലാതാക്കാനുള്ള ട്രായിയുടെ ലക്ഷ്യത്തെ തങ്ങള്‍ അഭിനന്ദിക്കുന്നുണ്ടെങ്കിലും, ഇത്തരമൊരു തീരുമാനം നിര്‍ബന്ധിതമായി നടപ്പിലാക്കുന്നത് ശരിയല്ലെന്ന് സംഘടന പറഞ്ഞു. ഡിജിറ്റല്‍ സേവന വ്യവസായത്തിലെ 400-ല്‍ അധികം സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐഎഎംഎഐ.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മൊബൈല്‍ ഫോണുകളില്‍ വിളിക്കുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ട്രായ് പൊതുജന അഭിപ്രായം തോടിയിരുന്നു. കോളുകള്‍ സ്വീകരിക്കണോ വേണ്ടയോ എന്നത് പോലുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) നിര്‍ദേശം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ട്രായി ഈ തീരുമാനമെടുത്തത്.

Tags:    

Similar News