ഏപ്രില്‍ ഒന്ന് മുതല്‍ അനാവശ്യ വാണിജ്യ മെസേജുകള്‍ വരില്ല! രജിസ്റ്റര്‍ ചെയ്യാത്ത കമ്പനികളുടെ എസ്.എം.എസുകള്‍ തടഞ്ഞ് ട്രായ്

മാര്‍ച്ച് എട്ടിന് നിയന്ത്രണം നടപ്പാക്കിയിരുന്നെങ്കിലും ബാങ്ക് ഇടപാടുകള്‍ക്കായുള്ള ഒ.ടി.പി.യുള്‍പ്പെടെ വ്യാപകമായി തടസ്സപ്പെട്ടതോടെ പിന്‍വലിക്കുകയായിരുന്നു.

Update:2021-03-27 11:47 IST

വാണിജ്യാടിസ്ഥാനത്തിലുളള എസ്എംഎസുകള്‍ തടഞ്ഞുകൊണ്ടുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശം ഏപ്രില്‍ മുതല്‍ നടപ്പിലാകും. മാര്‍ച്ച് എട്ടിന് നിയന്ത്രണം വന്നെങ്കിലും ബാങ്ക് ഓടിപികള്‍ അടക്കമുള്ളവ തടസ്സമായതിനെത്തുടര്‍ന്ന് നിര്‍ത്തലാക്കുകയായിരുന്നു. ഇക്കാര്യം സംബന്ധിച്ച് ഇനി തീയതി നീട്ടി നല്‍കില്ല എന്ന് ട്രായ് ടെലികോം കമ്പനികളെ അറിയിച്ചു.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള എസ്.എം.എസുകള്‍, അവയുടെ ടെംപ്ലേറ്റുകള്‍ എന്നിവ ടെലികോം കമ്പനികളുടെ ബ്ലോക്ക്‌ചെയിന്‍ സംവിധാനത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്യണമെന്നതാണ് പുതിയ നിര്‍ദേശം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ സന്ദേശങ്ങള്‍ ഉപഭോക്താവിന് അയക്കാതെ ട്രായ് നേരിട്ട് തടയും.
സന്ദേശങ്ങളും ടെംപ്ലേറ്റും ഒത്തുനോക്കി വ്യത്യാസമുണ്ടെങ്കില്‍ തടയാനുള്ള സംവിധാനങ്ങള്‍ തയ്യാറാണ്. ബാങ്കുകള്‍ ഇക്കാര്യം കണക്കിലെടുത്ത് സജീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ അത്തരത്തില്‍ ചെയ്തിട്ടില്ലാത്ത ബാങ്കുകളിലെ സേവന സന്ദേശങ്ങള്‍ തടസ്സപ്പെടുന്നതാണ്.
ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ നിയന്ത്രണം. ഏപ്രില്‍ ഒന്നുമുതല്‍ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള അനാവശ്യ സന്ദേശങ്ങള്‍ ഫോണിലേക്ക് വരുന്നത് തടസ്സപ്പെടും. രജിസ്റ്റര്‍ ചെയ്ത ഔദ്യോഗിക കമ്പനി അറിയിപ്പുകള്‍ മാത്രമായി സന്ദേശങ്ങള്‍ നിയന്ത്രിക്കപ്പെടും.


Tags:    

Similar News