എന്തുകൊണ്ട് ബിറ്റ്കോയിനെ എതിർക്കുന്നു?കാരണം വ്യക്തമാക്കി വാറൻ ബഫറ്റ്

ലോകത്തിലെ എല്ലാ ബിറ്റ്‌കോയിനും 25 ഡോളറിന് നൽകാമെന്ന് പറഞ്ഞാലും താൻ വാങ്ങില്ലെന്ന് ബഫറ്റ്

Update:2022-05-02 11:47 IST

ബിറ്റ്കോയിനോട് വാറൻ ബഫറ്റിന് വലിയ താൽപ്പര്യമില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നേരത്തെ എലിവിഷത്തോടും (rat poison squared) മരീചികയോടും ബിറ്റ്കോയിനെ ബഫറ്റ് (Warren Buffett) ഉപമിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന ബെർക്ക് ഷെയർ ഹാത്ത്വേയുടെ (Berkshire Hathaway) വാർഷിക യോ​ഗത്തിൽ ബിറ്റ്കോയിൻ  വിരോധത്തിന്റെ കാരണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

'അടുത്ത വർഷമോ, ഇനി അഞ്ച്-പത്ത് വർഷത്തിനുള്ളിലോ അത് മുകളിലേക്ക് പോവുമോ താഴേക്ക് പോവുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ അത് ഉൽപ്പാദനപരമായി ഒന്നും ചെയ്യില്ല എന്ന കാര്യം തനിക്ക് ഉറപ്പാണ്. ഇതിന് ഒരു മാന്ത്രികതയുണ്ട്, ആളുകൾ പല കാര്യങ്ങളും മാന്ത്രികതയോട് ചേർത്ത് വെച്ചിട്ടുണ്ട്', ബിറ്റ്കോയിനെ കുറിച്ച് ബഫറ്റ് പറഞ്ഞു.

ബിറ്റ്കോയിന്റെ വക്താക്കൾ പോലും അതിനെ ഒരു നിഷ്ക്രിയ ആസ്തിയായി ആണ് കാണുന്നത്. വിലയിൽ വർദ്ധനവ് പ്രതീക്ഷിക്കുകയും ദീർഘകാലത്തേക്ക് ബിറ്റ്കോയിൻ സൂക്ഷിക്കുന്നവരാണ് നിക്ഷേപകരെന്നും ബഫറ്റ് ചൂണ്ടിക്കാട്ടി. അധിക പോർട്ട്‌ഫോളിയോ ആനുകൂല്യങ്ങൾ സൃഷ്‌ടിക്കാൻ മറ്റ് ക്രിപ്റ്റോകൾ ഉണ്ട്. എന്നാൽ ബിറ്റ്കോയിൻ പോലെ മുഖ്യധാരയിലേക്ക് അവ കടന്നിട്ടില്ല.

നിങ്ങൾ യുഎസിലെ എല്ലാ കൃഷിയടങ്ങളുടെയും ഒരു വിഹിതമോ അല്ലെങ്കിൽ അപ്പാർട്ട്മെന്റുകളുടെ വിഹിതമോ തരുകയാണെങ്കിൽ 25 ബില്യൺ വീതം താൻ മുടക്കാൻ തയ്യാറാണെന്ന് ബഫറ്റ് പറയുന്നു. അതേ സമയം ലോകത്തിലെ എല്ലാ ബിറ്റ്‌കോയിനും എനിക്ക് 25 ഡോളറിന് നൽകാമെന്ന് പറഞ്ഞാൽ ഞാൻ വാങ്ങില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഞാൻ അത് നിങ്ങൾക്ക് തിരികെ വിൽക്കേണ്ടി വരും.

അപ്പാർട്ടുമെന്റുകൾ വാടക നൽകും, ഫാമുകൾ ഭക്ഷണം ഉൽപ്പാദിപ്പിക്കും. ബിറ്റ്കോയിൻ കൊണ്ട് മറ്റ് പ്രയോജനങ്ങൾ ഇല്ല. ബെർക്ക് ഷെയറിന് വേണമെങ്കിൽ ഒരു നാണയം പുറത്തിറക്കാം. എന്നാൽ ഡോളറിന് പകരം ബെർക്ക് ഷെയർ നാണയത്തെ യുഎസ് സർക്കാർ അം​ഗീകരിക്കാൻ ഒരു കാരണവും താൻ കാണുന്നില്ലെന്നും ബഫറ്റ് പറഞ്ഞു. ബെർക്ക് ഷെയർ വൈസ് പ്രസിഡന്റ് ചാർളി മുൻ​ഗർ പറഞ്ഞത് ബിറ്റ് കോയിൻ യുഎസ് ഫെഡറൽ റിസർവ് സിസ്റ്റത്തെ ദുർബലപ്പെടുത്തുമെന്നാണ്. ബിറ്റ്കോയിൻ മൂല്യം പൂജ്യത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ മുൻ​ഗർ അവ നിരോധിച്ച ചൈനീസ് നടപടിയെ പ്രശംസിക്കുകയും ചെയ്തു.

Tags:    

Similar News