ഓട്ടിസമുള്ളവര്‍ക്ക് പുതുലോകം സമ്മാനിച്ച് വെയറബിള്‍ സാങ്കേതികവിദ്യ
ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഓട്ടിസം ഉള്ളവര്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്
നമുക്ക് എണ്ണമറ്റ നേട്ടങ്ങള്‍ സമ്മാനിച്ച ഒന്നാണ് സാങ്കേതികവിദ്യ. വിവിധ സാങ്കേതികവിദ്യകള്‍ നമ്മുടെ ജീവിതം വളരെ എളുപ്പമുള്ളതാക്കുകയും, നമുക്ക് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത നിരവധി സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു. സാങ്കേതികവിദ്യ ജനങ്ങളുടെ ജീവിതനിലവാരം വളരെയധികം മെച്ചപ്പെടുത്തുകയും ലോകത്ത് പല മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഇന്ന് ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലും സാങ്കേതികവിദ്യയുടെ വളര്‍ച്ച വളരെ വലുതാണ്. ഇത്തരത്തില്‍ സാങ്കേതികവിദ്യകള്‍ കടന്ന് ചെന്നിരിക്കുന്ന ഒരിടമാണ് ഓട്ടിസത്തിന്റെ ലോകം.
ഓട്ടിസവും സാങ്കേതികവിദ്യയും
ഓട്ടിസം ഉള്ളവരെ സാങ്കേതികവിദ്യ സഹായിക്കുമോ? അതെ എന്ന് തന്നെയാണ് ഇതിനുള്ള ഉത്തരം. ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഓട്ടിസം ഉള്ളവര്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്. സാങ്കേതികവിദ്യ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് അവരുടെ പഠനത്തിനും, കഴിവുകള്‍ മെച്ചപ്പടുത്തുന്നതിനും, അവരുടെ ചുറ്റുപാടുകളെക്കുറിച്ച് നല്ല ധാരണയുണ്ടാക്കുന്നതിനും, വ്യക്തമായി ആശയവിനിമയം നടത്തുന്നതിനും, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്നു. ഇത്തരത്തില്‍ ഓട്ടിസം ഉള്ളവരെ ഒരുപാട് സഹായിക്കുന്ന സാങ്കേതികവിദ്യയാണ് വെയറബിള്‍ (WEARABLE) സാങ്കേതികവിദ്യ.
വെയറബിള്‍ സാങ്കേതികവിദ്യയും ഓട്ടിസവും
വ്യക്തികള്‍ക്ക് ശാരീരിത്തില്‍ ധരിക്കാനാകുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് വെയറബിള്‍സ്. സ്മാര്‍ട്ട് വാച്ചുകള്‍, ഫിറ്റ്നസ് ട്രാക്കറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ശ്രവണസഹായികള്‍, ഗൂഗിള്‍ ഗ്ലാസ്, മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) ഹെഡ്സെറ്റിന്റെ രൂപത്തിലുള്ള ഹോളോഗ്രാഫിക് കമ്പ്യൂട്ടര്‍ എന്നിവ വെയറബിള്‍ സാങ്കേതികവിദ്യയുടെ ഉദാഹരണങ്ങളാണ്. സമീപ വര്‍ഷങ്ങളില്‍ വെയറബിള്‍ സാങ്കേതികവിദ്യ ആരോഗ്യ മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരം വെയറബിള്‍സ് താപനില, ഓക്‌സിജന്‍ സാച്ചുറേഷന്‍, പള്‍സ്, രക്തസമ്മര്‍ദ്ദം, ചലനം, നടത്തം, ഹൃദയ, ശ്വസന പാരാമീറ്ററുകള്‍ തുങ്ങയവ വിലയിരുത്താന്‍ സഹായിക്കുന്നു.
വെയറബിള്‍ സാങ്കേതികവിദ്യക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസീസ് (ASD) ബാധിച്ച ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിയും. പല ഓട്ടിസ്റ്റിക് ആളുകളും അവരുടെ വികാരങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇത് അവരില്‍ വര്‍ധിച്ച ഉത്കണ്ഠ, വിഷാദം, ദേഷ്യം, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. എന്നാല്‍ അവരുടെ ഇത്തരം വികാരങ്ങളെ നിയന്ത്രിക്കാനും അത് പ്രശ്‌നമാകുന്നതിന് മുമ്പ് അവരെ അറിയിക്കാനും സാങ്കേതികവിദ്യ സഹായിച്ചാലോ. ഇവിടെയാണ് വെയറബിള്‍ സാങ്കേതികവിദ്യ ഓട്ടിസം ഉള്ളവരെ സഹായിക്കുന്നത്.
ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറുകളുള്ള കുട്ടികളില്‍ സമ്മര്‍ദ്ദത്തിന്റെ സാധ്യതകളും ലക്ഷണങ്ങളും വിശകലനം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള നോണ്‍-ഇന്‍വേസിവ് വെയറബിള്‍ ഉപകരണങ്ങള്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഓട്ടിസം ബാധിച്ച ചില ആളുകള്‍ അവരുടെ സ്‌ട്രെസ് ലെവലുകള്‍ ട്രാക്ക് ചെയ്യുന്നതിനായി ഡിജിറ്റലായി ഹൃദയമിടിപ്പ് അളക്കാന്‍ വേണ്ടി 'ഡിജിറ്റല്‍ ഹാട്ട്ബീറ്റ് മോണിറ്റര്‍' പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗക്കുന്നുണ്ട്. കൂടാതെ അവരുടെ വികാരങ്ങള്‍ നിയന്ത്രിക്കുന്നതിന് സ്മാര്‍ട്ട് വാച്ചുകള്‍, വെര്‍ച്വല്‍ റിയാലിറ്റി (VR) അല്ലെങ്കില്‍ ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകള്‍ (BCI) പോലുള്ള വെയറബിള്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ഓട്ടിസം ബാധിച്ചവരില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യകളോട് പൊരുത്തപ്പെട്ട് ഓട്ടിസവും
ഓട്ടിസത്തിന്റെ പ്രശ്‌നങ്ങള്‍ പലതാണ്. ഈ പ്രശ്‌നങ്ങള്‍ കൃത്യമായി പഠിച്ച് ഇവയ്ക്ക് പരിഹാരം നല്‍കുന്ന പുതിയ സാങ്കേതിക ഉപകരണങ്ങള്‍, പുതിയ പഠനരീതികള്‍ എന്നിവ സാധ്യമാക്കുന്ന സാങ്കേതികവിദ്യകള്‍ ഇന്ന് മുന്നോട്ട് വരുന്നുണ്ടെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് മുന്‍ ദേശീയ പ്രസിഡന്റും നിലവില്‍ കൊച്ചി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ കണ്‍സള്‍ട്ടിംഗ് ശിശുരോഗവിദഗ്ധനുമായ ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത് പറഞ്ഞു. ഓട്ടിസം ബാധിച്ച പല കുട്ടികളും ഇന്ന് ഇത്തരം സാങ്കേതികവിദ്യകളോട് പൊരുത്തപ്പെട്ട് വരുന്നുണ്ട്.
ഈ മേഖലയില്‍ നിരവധി നൂതനമായ കണ്ടുപിടുത്തങ്ങള്‍ ഇന്നും നടന്നുകൊണ്ടിരിക്കുകയാണെന്നും അത് വളരെ പോസിറ്റീവായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഓട്ടിസം ബാധിച്ചവര്‍ക്ക് സംഗീതം, ചിത്രരചന, പോലുള്ള മറ്റ് പല കാര്യങ്ങളിലും അവര്‍ വൈദഗ്ധ്യമുണ്ടാകും. അവരുടെ ഇത്തരം കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലും ഈ സാങ്കേതികവിദ്യകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇതെല്ലാം തന്നെ ഒരുതരത്തില്‍ അവരുടെ ഭാവി ശോഭനമാക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റേതൊരാള്‍ക്കും ഉള്ളത് പോലെ ഒരു സാധാരണമായ ജീവിതമാണ് അവര്‍ക്ക് ഇത്തരം സാങ്കേതികവിദ്യകള്‍ വാഗ്ദാനം ചെയ്യുന്നതും അദ്ദേഹം പറഞ്ഞു.
സമ്മാനിക്കാം മനോഹരമായൊരു ലോകം
ഓട്ടിസം ബാധിച്ചവരില്‍ സ്വയം പര്യാപ്തത വികസിപ്പിക്കാന്‍ വെയറബിള്‍ സാങ്കേതികവിദ്യ സഹായിക്കുന്നു. രക്ഷിതാക്കള്‍ക്ക് ഇത്തരം കുട്ടികളുടെ ഓരോ പുരോഗതിയും അറിയാന്‍ കഴിയുന്നു. എന്നാല്‍ ഇത്തരം പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് ധാരാളം പണം ചെലവഴിക്കുന്നുണ്ടെങ്കിലും, അത് പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന് പരിഗണിക്കുന്നതില്‍ ഗവേഷകരും ആരോഗ്യസംരക്ഷണ സംഘടനകളും പിന്നിലാണ് എന്നതാണ് ഇതിലുള്ള ഒരു പ്രശ്‌നം. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍ വെയറബിള്‍ സാങ്കേതികവിദ്യ ഓട്ടിസം ബാധിച്ചര്‍ക്ക് സമ്മാനിക്കുക വളരെ മനോഹരമായൊരു ലോകാമാകും.