ബാലിയില്‍ 10 വര്‍ഷം വരെ താമസിക്കാനും ഇനി വിസ ലഭിക്കും, പക്ഷേ ഒരേ ഒരു ഡിമാന്‍ഡ്
ഇന്തോനേഷ്യ അവതരിപ്പിച്ച ' സെക്കന്റ് ഹോം വിസ' അഞ്ച് വര്‍ഷത്തേക്കും പത്ത് വര്‍ഷത്തേക്കും ലഭിക്കും
ബാലി...യാത്രികര്‍ക്ക് ചെന്നെത്തിപ്പെടാന്‍ ഭൂമിയിലുള്ള ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്ന്. ലോകത്തെ ഏറ്റവും ഡിമാന്‍ഡുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായി ഇന്‍ഡോനേഷ്യയെ മാറ്റുന്നതും ബാലിയാണ്. ഇപ്പോളിതാ ബാലി എന്ന ട്രംപ് കാര്‍ഡ് ഉപയോഗിച്ച് പുതിയ ടൂറിസം പദ്ധതിയിലാണ് ഇന്തോനേഷ്യ. സമ്പന്നരായ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പ്ലാനാണു പുതിയ പദ്ധതിയിലൂടെ രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത്.
' സെക്കന്റ് ഹോം വിസ'
പുതിയ രീതിയില്‍ അഞ്ച് വര്‍ഷത്തേക്കും പത്ത് വര്‍ഷത്തേക്കും വിസ ലഭിക്കും. എന്നാല്‍ ഒരൊറ്റ ഡിമാന്‍ഡ് മാത്രം. 1,30,000 ഡോളര്‍ അഥവാ 2 ബില്യണ്‍ റുപ്യ ബാങ്ക് അക്കൗണ്ടുകളില്‍ ഉണ്ടായിരിക്കണം. ക്രിസ്മസ് ദിനങ്ങളെത്തുന്നതോടെ കൂടി രാജ്യത്ത് ഈ പുതിയ വിസ നിയമം നടപ്പിലാകും.
ഇന്‍ഡോനേഷ്യന്‍ റുപ്യയായി 2 ബില്യണ്‍ അക്കൗണ്ടില്‍ കാണിക്കുന്ന വിദേശികള്‍ക്ക് ഇത്തരത്തില്‍ 5 മുതല്‍ 10 വര്‍ഷം വരെ രാജ്യത്ത് താമസിക്കാം. ബിസിനസുകാര്‍ക്കും ഹൈ എന്‍ഡ് പ്രൊഫഷണലുകള്‍ക്കും ഏറെ ആകര്‍ഷകമാണ് പുതിയ പദ്ധതി.
കോസ്റ്റാ റിക്കാ, മെക്‌സിക്കോ എന്നിവരെല്ലാം ധനികരായ വിദേശികള്‍ക്ക് ഇത്തരം ദീര്‍ഘകാല വിസകള്‍ നിലവില്‍ നല്‍കുന്നുണ്ട്. ഡിജിറ്റല്‍ നൊമാഡ് വിസ, 2021 ല്‍ രാജ്യം അവതരിപ്പിച്ചിരുന്നു. പ്രധാനമായും ബാലിയിലേക്ക് ധാരാളം വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നീക്കങ്ങളിലാണ് രാജ്യം.