ഇന്ത്യക്കാര്‍ക്ക് ഇനി മലേഷ്യയിലേക്കും പറക്കാം, വീസ വേണ്ട

ശ്രീലങ്ക, തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയവയും അടുത്തിടെ ഇന്ത്യക്കാര്‍ക്ക് വീസ ഒഴിവാക്കിയിട്ടുണ്ട്

Update:2023-11-27 11:24 IST

Image by Canva

ഇന്ത്യക്കാര്‍ക്ക് മലേഷ്യയിലേക്ക് ഇനി വീസയില്ലാതെ പറക്കാം. ഡിസംബര്‍ ഒന്നുമതുല്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വീസയില്ലാതെ 30 ദിവസം തങ്ങാന്‍ അനുമതി നല്‍കുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. സെക്യൂരിറ്റി സ്‌ക്രീനിംഗിലൂടെയായിരിക്കും പ്രവേശനം.

ചൈനയില്‍ നിന്നുള്ള സഞ്ചാരികളെയും വീസയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദ്യ അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, യു.എ.ഇ, ഇറാന്‍, തുര്‍ക്കി, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ മലേഷ്യയിലേക്ക് വീസ ഇല്ലാതെ യാത്ര ചെയ്യാന്‍ അനുമതിയുണ്ട്.
ലക്ഷ്യം 5 ലക്ഷം സഞ്ചാരികള്‍
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മലേഷ്യ ടൂറിസം ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് അഞ്ച് ലക്ഷം വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്. 2023ന്റെ ആദ്യപാദത്തില്‍ ഇന്ത്യയില്‍ നിന്ന് 1.65 ലക്ഷം വിനോദസഞ്ചാരികള്‍ മലേഷ്യയിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 3.25 ലക്ഷം ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് മലേഷ്യ സന്ദര്‍ശിച്ചത്. കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള 18 വിമാന സര്‍വീസുകള്‍ മലേഷ്യയിലേക്കുണ്ട്.
നാലാമത് രാജ്യം

അടുത്തിടെ ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പ്രവേശനത്തിന് അനുമതി നല്‍കുന്ന നാലാമത്തെ രാജ്യമാകും മലേഷ്യ. ശ്രീലങ്ക, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നിവയാണ് അടുത്തിടെ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വീസ ഒഴിവാക്കിയ മറ്റ് രാജ്യങ്ങള്‍.
കഴിഞ്ഞയാഴ്ചയാണ് വിയ്റ്റ്‌നാം പ്രഖ്യാപനവുമായെത്തിയത്. ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍, ഇറ്റലി, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ വിയറ്റ്‌നാമിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാം.
തായ്‌ലന്‍ഡും ശ്രീലങ്കയും ആറ് മാസത്തേക്കാണ് നിലവില്‍ ഇന്ത്യക്കാര്‍ക്ക് വീസ ഒഴിവാക്കിയിട്ടുള്ളത്. നവംബര്‍ 10 മുതല്‍ 2024 മെയ് 10 വരെയാണ് തായ്‌ലന്‍ഡിന്റെ ഇളവ്. ശ്രീലങ്ക 2024 മാര്‍ച്ച് 31 വരെ ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് വീസ ഒഴിവാക്കിയിട്ടുണ്ട്.
Tags:    

Similar News